പത്തനംതിട്ട : ആധുനിക ദന്തല്‍ വൈദ്യശാസ്ത്രത്തിന്റെ 100-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള സ്റ്റേറ്റ് ബ്രാഞ്ചും കുടുംബശ്രീ സ്റ്റേറ്റ് മിഷനും സംയുക്താഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും നടത്തുന്ന ദന്ത ആരോഗ്യ ബോധവത്ക്കരണ പദ്ധതിയാണ് ശ്രദ്ധ 2020.
കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് ദന്ത ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും തുടങ്ങിയ ‘ശ്രദ്ധ 2020’ നോടൊപ്പം ദീപശിഖ പ്രായാണം ഈ മാസം 21 ന് തിരുവനന്തപുരത്ത് സമാപിക്കും. കുടുംബശ്രീ പ്രവര്‍ത്തകരിലൂടെ ഓരോ കുടുംബത്തിലും ദന്ത ആരോഗ്യ സംരക്ഷണ പ്രാധാന്യം എത്തിക്കുവാനും അതു വഴി ദന്ത രോഗങ്ങള്‍ തടയുവാനും വേണ്ടി ശക്തമായ ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ശ്രദ്ധ 2020 പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം 16ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവി നിര്‍വഹിക്കും. ജില്ലാകമ്മിറ്റി ചെയര്‍മാന്‍ ഡോ. എം മുരളീകൃഷ്ണന്‍, കണ്‍വീനര്‍ ഡോ. തോമസ് ജേക്കബ് പ്രസിഡന്റ്, ഡോ. റാലു വര്‍ഗീസ്, സി.ഡി.എച്ച് റെപ്രസന്റേന്റീവ് ഡോ. അനിത ആന്‍ മാര്‍ക്കോസ്, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വിധു എന്നിവര്‍ നേതൃത്വം നല്‍കും.