തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ രാജഭരണകാലം മുതല്‍ ശംഖുമുഖത്തേക്ക് പതിവുള്ള ചരിത്ര പ്രസിദ്ധമായ ആറാട്ടുഘോഷയാത്ര ഇത്തവണയുണ്ടാകില്ല. പകരം ക്ഷേത്രത്തിന് മുന്നിലെ പദ്‌മതീര്‍ഥക്കുളത്തില്‍ ചെറിയ തോതില്‍ ആറാട്ട് നടത്താനുള്ള ഒരുക്കങ്ങള്‍ നടത്താനാണ് തീരുമാനം. പള്ളിവേട്ട, ഉത്സവത്തോടനുബന്ധിച്ചുള്ള കലശങ്ങള്‍ എന്നിവയും ചെറിയ തോതില്‍ നടത്തും.
ആറാട്ടിന് തലേന്ന് നടക്കാറുള്ള പള്ളിവേട്ടയും വേട്ടക്കളത്തിലേക്കുള്ള എഴുന്നള്ളത്തും ഒഴിവാക്കി ക്ഷേത്രത്തിന് സമീപത്ത് നടത്താനാണ് നിശ്‌ചയിച്ചിരിക്കുന്നത്. ഓരോ ഉത്സവത്തിനും ശ്രീപദ്മനാഭസ്വാമിക്കൊപ്പം സമീപത്തെ നാല് ദേവസ്വങ്ങളിലെ ആറാട്ടു കൂടി ശംഖുമുഖത്ത് നടക്കാറുണ്ട്. പദ്മതീര്‍ത്ഥ കുളത്തില്‍ ആറാട്ട് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ശ്രീവരാഹം ഉള്‍പ്പടെ നാലു ക്ഷേത്രങ്ങളിലെ കൂടിയാറാട്ടും ശംഖുമുഖത്തു നിന്ന് മാറ്റി പദ്മതീര്‍ഥത്തില്‍ നടത്തും.
നിരവധി ഭക്തര്‍ പങ്കെടുക്കുന്ന ഘോഷയാത്ര കടന്നുപോകാനായി തിരുവനന്തപുരം വിമാനത്താവളം തുറന്നു കൊടുക്കുന്ന അപൂര്‍വ്വതയും ക്ഷേത്രത്തിലെ ഉത്സവത്തിനുണ്ട്. ആറാട്ടിനു വേണ്ടി വിമാനങ്ങളുടെ സമയക്രമീകരണങ്ങളില്‍ പോലും മാറ്റം അന്നേ ദിവസം മാറ്റങ്ങള്‍ വരുത്താറുണ്ട്. രണ്ട് ഉത്സവങ്ങളാണ് ക്ഷേത്രത്തില്‍ പതിവായി നടത്താറുള്ളത്. ഇവയില്‍ അല്‍പ്പശി ഉത്സവം ഒക്‌ടോബര്‍ പതിനഞ്ചിന് ആരംഭിക്കേണ്ടതാണ്. അതിനു മുമ്പായി മാര്‍ച്ചില്‍ മാറ്റിവച്ച പൈങ്കുനി ഉത്സവം ക്ഷേത്രത്തില്‍ നടക്കേണ്ടതുണ്ട്. ഇതേ തുടര്‍ന്നാണ് ചടങ്ങുകള്‍ മാത്രമായി ഉത്സവം നടത്താന്‍ തീരുമാനിച്ചത്. ഒക്‌ടോബറില്‍ നടക്കുന്ന അല്‍പ്പശി ഉത്സവം രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് നീട്ടിവെയ്‌ക്കാനാണ് തീരുമാനം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം തടഞ്ഞ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരാഴ്‌ച മുമ്പാണ് നിയന്ത്രണത്തോടെ പ്രവേശനം അനുവദിച്ച് തുടങ്ങിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന 650 പേരെയാണ് ഒരു ദിവസം പ്രവേശനത്തിനായി ക്ഷേത്രത്തിലേക്ക് അനുവദിക്കുന്നത്.