പത്തനംതിട്ട : ഇലവുംതിട്ട ശ്രീബുദ്ധാ എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റ് ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെ പാത വെടിഞ്ഞ് വിട്ടുവീഴ്ചാ മനോഭാവത്തോടെ മുന്നോട്ടു പോയില്ലെങ്കില്‍ മുഴുവന്‍ ജീവനക്കാരും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്സ് & സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൾ വഹാബ് മുന്നറിയിപ്പു നല്‍കി. ഇലവുംതിട്ട ശ്രീബുദ്ധാ എഞ്ചിനീയറിംഗ് കോളേജിലെ ജീവനക്കാരുടെ സൂചനാ സമരം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി മാനേജ്മെന്റ് ആയിരിക്കും. അധ്യാപകരേയും അനധ്യാപകരെയും പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം. നിയമപരമായതും അര്‍ഹതപ്പെട്ടതുമായ വേതന വ്യവസ്ഥകള്‍ നടപ്പിലാക്കുവാന്‍ മാനേജ്മെന്റ് ഇനിയെങ്കിലും തയ്യാറാകണമെന്നും ഡോ. അബ്ദുൾ വഹാബ് ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തു വര്‍ഷമായി തുശ്ചമായ വേതനത്തിലാണ് ഇവിടെ ജീവനക്കാര്‍ ജോലിചെയ്യുന്നത്. വന്‍തുക ഫീസിനത്തിലും അല്ലാതെയും വാങ്ങി മാനേജ്മെന്റ് തടിച്ചുകൊഴുക്കുമ്പോള്‍ ഇവിടുത്തെ ജീവനക്കാര്‍ കടംകയറി ആത്മഹത്യയിലേക്ക് നീങ്ങുകയാണ്. ഭീഷണിയിലൂടെയും ഗുണ്ടായിസത്തിലൂടെയും സമരത്തെ നേരിടാമെന്നത് വ്യാമോഹം മാത്രമാണെന്നും ശക്തമായ സമരത്തിലേക്ക് തങ്ങള്‍ നീങ്ങുകയാണെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ തകര്‍ക്കുന്ന നടപടിയിലേക്കാണ് ശ്രീബുദ്ധാ മാനേജ്മെന്റ് നീങ്ങുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
സ്വാശ്രയ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജുകളുടെ തകർച്ചയ്ക്ക് കാരണം മാനേജ്മെന്റുകളുടെ തെറ്റായ തീരുമാനങ്ങളും നടപടികളുമാണ്. ഈ രംഗത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ശ്രീബുദ്ധപോലെയുള്ള ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന കോളേജുകളിലുള്ള അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്നും സംസ്ഥാന കമ്മറ്റി അംഗം വി. വിനോദ് പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് സുനിൽ കുമാർ ബി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് പി, പ്രൊഫ. ശങ്കരൻ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.