കൊച്ചി: അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം.ശ്രീനാഥ് ഭാസിക്കെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചതായും പരാതിക്കാരിയോട് ഖേദം പ്രകടിപ്പിച്ചതായും നേതാക്കള്‍ വ്യക്തമാക്കി.
നിലവില്‍ ബാക്കിയുള്ള ഡബ്ബിങ്ങും ഷൂട്ടിങ്ങും തീര്‍ക്കാന്‍ അനുവദിക്കും. അതിനു ശേഷം സിനിമകളില്‍ അഭിനയിപ്പിക്കില്ല. നാലു ഡബ്ബിങ്ങുകളും ഒരു സിനിമ ഷൂട്ടിങ്ങും പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. കരാറില്‍ നിന്നും കൂടുതല്‍ വാങ്ങിയ തുക ശ്രീനാഥ് ഭാസി തിരിച്ചു നല്‍കും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാല്‍ തങ്ങളേക്കൊണ്ട് പറ്റുന്ന രീതിയില്‍ നടപടിയെടുക്കുമെന്നും സംഘടന വ്യക്തമാക്കി.ലഹരി മരുന്ന് ഉപയോഗം സിനിമയില്‍ തുടരുന്നു. പോലീസിന് സെറ്റുകളില്‍ പരിശോധന നടത്താം. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തേക്കുറിച്ചുള്ള പോലീസ് അന്വേഷണങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും സംഘടന വ്യക്തമാക്കി.