കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും കേരളത്തില്‍ നടന്നിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയുടെ കേരളത്തിലും പുറത്തുമുള്ള നൂറുകണക്കിന് ശാഖകളില്‍ ഹെഡ് ഓഫീസ് ഗോള്‍ഡ് (H.O Gold) എന്ന പേരില്‍ കിലോ കണക്കിന് മുക്കുപണ്ടങ്ങള്‍ തിരുകിക്കയറ്റിയതും സമാനമായ രീതിയിലാണ്. ഇത് സംബന്ധിച്ച് ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വേണ്ടത്ര അന്വേഷണം ഉണ്ടായില്ല.
മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അവരറിയാതെ വീണ്ടും ഉപയോഗിച്ചാണ് ശ്രീറാം ഫിനാന്‍സിന്റെ വിവിധ ശാഖകളില്‍ വായ്പാ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. വായ്പകള്‍ക്ക് പലരുടെയും വ്യക്തിഗത രേഖകള്‍ അവരറിയാതെ ഉപയോഗിക്കുകയായിരുന്നു. ഒരിക്കല്‍ ഇടപാട് നടത്തുന്നവരുടെ സകല വിവരങ്ങളും രേഖകളും എന്തിന് .. ഒപ്പ് വരെ സ്ഥാപനത്തിന്റെ കമ്പ്യൂട്ടറില്‍ ഉണ്ടാകും. ഇതുപയോഗിച്ചാണ് പലരും തട്ടിപ്പ് നടത്തുന്നത്. ഒരു ശാഖയിലെ ജീവനക്കാര്‍ മാത്രം അറിഞ്ഞുകൊണ്ടും മാനേജ്മെന്റ് നേരിട്ട് ഹെഡ് ഓഫീസ് മുഖേനയും ഇത്തരം തട്ടിപ്പുകള്‍ നടത്താറുണ്ട്. അതിനൊക്കെ പല ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുമുണ്ട്. ഇത്തരം തട്ടിപ്പുകള്‍ കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും വ്യാപകമായി നടക്കുന്നുണ്ടെന്നാണ് വിവരം.
അമ്മാവന്‍ ആനപ്പുറത്ത് ഇരുന്നതിന്റെ തഴമ്പ് അനിദ്രവനും ഉണ്ടെന്നു പറയുന്നതുപോലെ പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന കോട്ടയം കുഞ്ഞച്ചന്റെ കമ്പനിക്ക് കേരളത്തിലും പുറത്തുമായി ആയിരത്തിലധികം ശാഖകള്‍ ഉണ്ടെന്നാണ് പറയുന്നത്. നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ക്ക് (NBFC) പ്രവര്‍ത്തനമേഖല പലതുണ്ടെങ്കിലും കുഞ്ഞച്ചന്റെ കറക്കുകമ്പനിയുടെ എല്ലാ ശാഖകളിലും സ്വര്‍ണ്ണപ്പണയം മാത്രമാണ് ബിസിനസ്. പണത്തോട് പണ്ടേ ആര്‍ത്തിമൂത്ത കുടുംബം ആയതിനാല്‍ കുഞ്ഞച്ചനും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. വീട്ടിലെ രഹസ്യ നിലവറയില്‍ കെട്ടുകണക്കിന് നോട്ടുകള്‍ ചാക്കിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഒരിക്കല്‍ ഇത് പൊക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നുവെങ്കിലും അതൊക്കെ രഹസ്യമായി ഒതുക്കി. മാധ്യമങ്ങളില്‍ വാര്‍ത്തപോലും വന്നില്ല.
NBFC കള്‍ക്ക് ബിസിനസ് വിപുലീകരണത്തിനുവേണ്ടി പണം ആവശ്യമായി വന്നാല്‍ കടപ്പത്രത്തിലൂടെ പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാം. റിസര്‍വ് ബാങ്കും സെബിയുമൊക്കെ ഇതിന് അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ നിക്ഷേപിക്കുന്ന ഈ പണത്തിന് ഒരു ഗ്യാരണ്ടിയും റിസര്‍വ് ബാങ്കും സെബിയും നല്‍കുന്നില്ല. നിക്ഷേപകന്റെ സ്വന്തം ഉത്തരവാദിത്വത്തിലും തീരുമാനത്തിലും മാത്രമേ ഇത്തരം പദ്ധതികളില്‍ പണം നിക്ഷേപിക്കാവൂ എന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. NCD യുടെ പത്ര പരസ്യത്തില്‍ വളരെ ചെറിയ അക്ഷരത്തില്‍ നല്‍കിയിട്ടുള്ള Disclaimer പവര്‍ കൂടിയ ലെന്‍സ് ഉപയോഗിച്ച് വായിച്ചു മനസ്സിലാക്കിയാല്‍ പിന്നീട് ആരും ചതിയില്‍പ്പെടുകയില്ല. ചില കടപ്പത്രങ്ങള്‍ക്ക് (Secured debentures) ട്രസ്റ്റികള്‍ നല്‍കുന്ന ഗ്യാരണ്ടി ഉണ്ടെങ്കിലും ഇത് പല കാരണങ്ങള്‍കൊണ്ടും ഒട്ടും സുരക്ഷിതമല്ല.
NBFC കള്‍ക്ക് ഏറ്റവും താല്‍പ്പര്യമുള്ള കടപ്പത്രം NCD എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍ ആണ്. സാമ്പത്തിക അച്ചടക്കം പാലിക്കുന്ന കമ്പനികള്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് കടപ്പത്രം (NCD) ഇറക്കി നിക്ഷേപം സ്വീകരിക്കുന്നത്. എന്നാല്‍ കോട്ടയം കുഞ്ഞച്ചനെപ്പോലുള്ളവര്‍ വര്‍ഷത്തില്‍ അഞ്ചും ആറും പ്രാവശ്യം കടപ്പത്രം (NCD) ഇറക്കി ജനങ്ങളുടെ കയ്യിലുള്ള പണം തൂത്തുവാരി തന്റെ പെട്ടിയിലാക്കും. ഇങ്ങനെ ലഭിക്കുന്ന കോടിക്കണക്കിനു രൂപ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ക്ക് (NBFC) നിഷ്ക്കര്‍ഷിച്ചിട്ടുള്ള ബിസിനസ്സില്‍ മാത്രമേ മുടക്കുവാന്‍ അനുവാദമുള്ളു. സ്വര്‍ണ്ണപ്പണയ ഇടപാടുകള്‍ മാത്രം നടത്തുന്ന ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങള്‍ക്ക് ഭീമമായ തുകയുടെ ആവശ്യവുമില്ല. ഇവിടെയാണ് കോട്ടയം കുഞ്ഞച്ചന്റെ വളഞ്ഞബുദ്ധി പ്രവര്‍ത്തിച്ചത്.
കൊല്ലത്തെ ഒരു പ്രമുഖ സ്ഥാപനത്തില്‍ നിന്നും കിലോ കണക്കിന് മുക്കുപണ്ടം വാങ്ങി ഹെഡ് ഓഫീസിലെ വിശ്വസ്തരായ ജീവനക്കാരെ ഉപയോഗിച്ച് രഹസ്യമായി തുണിസഞ്ചിയില്‍ പൊതിഞ്ഞ് സ്ഥാപനത്തിന്റെ ടാഗും കെട്ടി നമ്പരും എഴുതി പ്രത്യേക ജീവനക്കാര്‍ മുഖേന ശാഖകളിലെത്തിച്ച് അവിടെ പണയ പണ്ടമായി തിരുകിക്കയറ്റി. ഇങ്ങനെ പണയം വെക്കുവാന്‍ ഉപയോഗിച്ചത്, ഈ സ്ഥാപനത്തില്‍ മുമ്പ് സ്വര്‍ണ്ണപ്പണയം വെച്ചവരുടെ വ്യക്തിഗത വിവരങ്ങളും രേഖകളുമാണ്. ഇങ്ങനെ മുക്കുപണ്ടം പണയംവെച്ച് NBFC യില്‍ നിന്നും കോടിക്കണക്കിനു രൂപ പണമായി പുറത്തേക്ക് ഒഴുക്കി കോട്ടയം കുഞ്ഞച്ചന്റെയും മക്കളുടെയും ബിനാമികളുടെയും സ്വകാര്യ സമ്പാദ്യമാക്കി മാറ്റി. കിലോ കണക്കിന് മുക്കുപണ്ടമാണ് പല ശാഖകളിലും പണയ പണ്ടമായി ഇരിക്കുന്നത്. ഹെഡ് ഓഫീസില്‍ നിന്നും കൊണ്ടുവന്ന് പണയം വെക്കുന്നതിനാല്‍ ഇതിനെ ഹെഡ് ഓഫീസ് ഗോള്‍ഡ് (H.O Gold) എന്നാണ് പറയുന്നത്.
കമ്പനിയുടെ പ്രധാന ആസ്തിയായി ഇപ്പോള്‍ രേഖയിലുള്ളത് ഈ ടണ്‍ കണക്കിന് മുക്കുപണ്ടങ്ങളാണ്. ഇത് കമ്പനിയുടെ ആസ്തിയായും NCD യുടെ ഗ്യാരണ്ടിയായുമൊക്കെ കാണിച്ചുകൊണ്ടാണ് വര്‍ഷത്തില്‍ അഞ്ചും ആറും പ്രാവശ്യം കടപ്പത്രം (NCD) ഇറക്കുവാന്‍ കോട്ടയം കുഞ്ഞച്ചന്റെ കമ്പനി അവകാശവാദം ഉന്നയിക്കുന്നതും അനുവാദം വാങ്ങുന്നതും. റിസര്‍വ്വ് ബാങ്കോ സെബിയോ NCD ഇറക്കുവാന്‍ അനുവാദം ചോദിച്ച കമ്പനിയുടെ ഓഫീസോ ശാഖകളോ പരിശോധിക്കാറില്ല. തന്നെയുമല്ല നൂറുകണക്കിന് ശാഖകളില്‍ ഒരേസമയം പരിശോധന നടത്തുവാനും ഇവര്‍ക്ക് കഴിയില്ല. ആകെയുള്ളത് പേരിനുമാത്രം നടത്തുന്ന വാര്‍ഷിക പരിശോധനയോ റാന്‍ഡം ചെക്കിംഗോ മാത്രമാണ്. ഇതാകട്ടെ കമ്പനി മുതലാളിയെ മുന്‍കൂട്ടി അറിയിച്ചതിനുശേഷമാണ് നടത്തുന്നതും.
കമ്പനി സെക്രട്ടറിയും ചാര്‍ട്ടേഡ് അക്കൌണ്ടന്റ്മാരും നല്‍കുന്ന രേഖകള്‍ മാത്രമാണ് ROC, SEBI, RBI എന്നിവര്‍ പരിശോധിക്കുക. ഈ രേഖകളില്‍ ആകട്ടെ കമ്പനിക്ക് വലിയ ആസ്തിയും കോടിക്കണക്കിനു രൂപാ ലാഭവും ഉണ്ടാകും. കിലോക്കണക്കിന് മുക്കുപണ്ടം സ്വന്ത സ്ഥാപനത്തില്‍ പണയമായി തിരുകിക്കയറ്റുമ്പോള്‍ രണ്ടു നേട്ടങ്ങളാണ് മുതലാളിക്ക് ലഭിക്കുക. ഒന്ന് – NBFC യിലെ പണം കുറുക്കുവഴിയിലൂടെയും എന്നാല്‍ നിയമങ്ങള്‍ പാലിച്ചും സ്വന്തം കീശയിലോ ബിനാമികളുടെ കീശയിലെ എത്തിക്കാം. രണ്ടാമത്തെ നേട്ടം – മുക്കുപണ്ടം തിരുകിക്കയറ്റുമ്പോള്‍ NBFC യുടെ ബിസിനസ് ഗ്രാഫ് ക്രമാതീതമായി കുതിച്ചുയരും. സ്വര്‍ണ്ണപ്പണയ ഇടപാടിന്റെ പലിശ കണക്കില്‍ വരുമ്പോള്‍ കമ്പനിയുടെ ലാഭം പെരുകുകയും ചെയ്യും. റേറ്റിങ്ങും ഗ്രേഡും ഒക്കെ ലഭിക്കാന്‍ ഇത് ധാരാളം. ഇത്തരം തട്ടിപ്പുകള്‍ റിസര്‍വ്വ് ബാങ്കോ സെബിയോ പരിശോധിക്കാറില്ല. തന്നെയുമല്ല ഇക്കാര്യത്തില്‍ ആര്‍ക്കും പരാതിയും ഉണ്ടാകാറില്ല.
മുക്കുപണ്ടം പണയം വെക്കുന്നതിന്റെ വിവരങ്ങള്‍ സിബല്‍ റെക്കോഡിന് നല്‍കാതെ മറച്ചുവെക്കുന്നതാണ് ഇവരുടെ മറ്റൊരു രീതി. അതിനാല്‍ തന്റെ പേരില്‍ ഇങ്ങനെ ഒരു പണയം ഉള്ള കാര്യം ഒരിക്കലും പണയ രേഖയിലെ പേരുകാരന്‍ അറിയുകയില്ല. തന്നെയുമല്ല പലരും സിബല്‍ റെക്കോഡ് ചെക്ക് ചെയ്യുന്നത് വായ്പ എടുക്കുമ്പോള്‍ മാത്രമാണ്. അപ്പോഴാകട്ടെ സിബല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണ്ണമായി പരിശോധിക്കുവാനും ആരും മെനക്കെടാറില്ല. വായ്പ ലഭിക്കുന്നതിന് ആവശ്യമായ സ്കോര്‍ തനിക്കുണ്ടോ എന്ന് മാത്രമാണ് എല്ലാവരും നോക്കുക. ആവശ്യങ്ങള്‍ ഒന്നുമില്ലെങ്കിലും വിശ്വസനീയമായ സ്ഥാപനങ്ങള്‍ മുഖേന എല്ലാവരും തങ്ങളുടെ ക്രഡിറ്റ് സ്കോര്‍ (സിബല്‍) പരിശോധിക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ ഒരിക്കലെങ്കിലും ഇടപാടുകള്‍ നടത്തിയിട്ടുള്ളവര്‍. തങ്ങള്‍ അറിയാതെയുള്ള വായ്പകളും വായ്പാ ജാമ്യവും മുക്കുപണ്ട പണയങ്ങളും കണ്ടുപിടിക്കുവാനും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നിയമക്കുരുക്കുകളില്‍ നിന്ന് രക്ഷപെടാനും ഇത് സഹായിക്കും.
—
Disclaimer: കേരളത്തില്‍ നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജന താൽപ്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്.

































