പത്തനംതിട്ട : പുരാതന അനുഷ്ഠാനകലയായ വില്ലടിച്ചാംപ്പാട്ടാണ് ഇന്ന് അയ്യന്റെ തിരുമുറ്റത്തെത്തിയത്. 2021 ല്‍ ഫോക്‌ലോര്‍ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ നാരായണ ചെട്ടിയാരുടെയും പ്രധാന വാദ്യോപകരണമായ വില്ല് കൈകാര്യം ചെയ്യുന്ന ടി. ശിവകുമാറിന്റെയും നേതൃത്വത്തിലുള്ള ആലപ്പുഴ കായംങ്കുളത്തെ ശ്രീസെല്‍വം വില്പ്പാട്ട് സമിതിയാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ അന്യം നിന്ന് പോവുന്ന പാരമ്പര്യ കല അവതരിപ്പിച്ചത്. പണ്ട് തെക്കന്‍ തിരുവിതാംകൂറിലെ സംസാരഭാഷയായ തമിഴ് മലയാളം ഇടകലര്‍ന്ന ചെന്തമിഴ് ഭാഷയില്‍ രചിക്കപ്പെട്ട പാട്ടുകളിലൂടെയാണ് കലയുടെ അവതരണം.
ശാസ്താംകഥ, ദേവികഥ, ഇരവികുട്ടന്‍പിള്ള പോര്, നീലികഥ, യക്ഷികഥ തുടങ്ങി 150ല്‍ പരം വാമൊഴി കഥകളാണ് വില്പ്പാട്ടിലൂടെ പാടുന്നത്. തമിഴ്‌നാട്ടില്‍ വില്ലിശ്ശ് എന്ന പേരിലാണ് വില്ലടിച്ചാംപ്പാട്ട് അറിയപ്പെടുന്നത്. പനയുടെ കതിര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് അതില്‍ കുടമണിയും ചേര്‍ത്ത് രൂപപ്പെടുത്തുന്ന വില്ല് ഉപകരണം, തബല, കുടം, വീശുകോല്‍, കൈമണി, ഗഞ്ചിറ, ശ്രുതിപ്പെട്ടി തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് വില്ലടിച്ചാംപ്പാട്ട് കല അവതരപ്പിക്കുന്നത്. ഏഴംഗ സംഘമാണ് സന്നിധാനത്ത് അവതരണം നടത്തിയത്.