കൊളംബോ: ഗൊതബയ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ പ്രക്ഷോഭം നടക്കവേ രജപക്‌സെ ശ്രീലങ്ക വിട്ടു. സൈനിക വിമാനത്തില്‍ ഭാര്യക്കൊപ്പം മാലിദ്വീപിലെക്കാണ് രജപക്‌സെ നാട് വിട്ടത്. ആദ്യം മാലിദ്വീപിൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി നൽകിയില്ലെങ്കിലും മാലിദ്വീപ് പാർലമെന്‍റിന്‍റെ സ്പീക്കർ മജ്‍ലിസും മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാൻ അനുമതിയായത്. പ്രസിഡന്റ് എന്ന നിലയില്‍ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പ്രതിരോധമുണ്ടെങ്കിലും രാജിവെച്ചു കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് രാജി വെക്കുന്നതിന് മുമ്പ് രാജ്യം വിട്ടതെന്നാണ് സൂചന. ആന്റണോവ്- 32 എന്ന സൈനിക വിമാനത്തിലാണ് ഗൊതബയ രാജ്യം വിട്ടത്.
പ്രതിഷേധം ഭയന്ന് സാധാരണക്കാര്‍ക്കുള്ള ചാനലിലൂടെ പോകാന്‍ ഗൊതബയ വിസ്സമ്മതിച്ചിരുന്നു. ഇതിനിടെ ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായി. ശേഷം ബുധനാഴ്ച രാവിലെയോടെയാണ് ഗൊതബയ സൈനിക വിമാനത്തില്‍ മാലിദ്വീപിലേക്ക് പറന്നത്. കഴിഞ്ഞ ദിവസം രാജ്യ വിടാന്‍ ശ്രമിച്ച ഗൊതബയയുടെ സഹോദരന്‍ ബേസില്‍ രജപക്സയെ വിമാനത്താവളത്തില്‍ വിഐപി ലോഞ്ചില്‍ തടഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിഐപി ടെര്‍മിനല്‍ വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ബേസിലിനെ തടഞ്ഞത്.
നേരത്തെ രാജിവെക്കാന്‍ ഗൊതബയ ഉപാധി വെച്ചിരുന്നു. തന്നേയും കുടുംബത്തേയും സുരക്ഷിതമായി രാജ്യം വിടാന്‍ സമ്മതിച്ചാല്‍ രാജിവെക്കാമെന്നാണ് ഗൊതബയ മുന്നോട്ട് വെച്ച നിര്‍ദ്ദേശം. ഗൊതബയയുടെ നിര്‍ദ്ദേശത്തിന്മേല്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇവരാരും ഇത് കണക്കിലെടുക്കാന്‍ തയ്യാറായിരുന്നില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ശ്രീലങ്കയിൽ ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്തെത്താൻ ആരംഭിച്ചത്. ഒറ്റ ദിവസം കൊണ്ട് തുടങ്ങിയതല്ല ശ്രീലങ്കയിലെ ഈ പ്രതിസന്ധി. 2019 മുതല്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത്. ഈസ്റ്റര്‍ ബോംബിങ്ങും അതിന് ശേഷം കൊവിഡ് പ്രതിസന്ധിയും രാജ്യത്തെ കൂടുതല്‍ പരുങ്ങലില്‍ ആക്കി. നികുതി ഇളവുകളും പണപ്പെരുപ്പവും അതിനോടൊപ്പം ദേശീയ തലത്തില്‍ ജൈവകൃഷിയിലേക്ക് മാറാനുള്ള തീരുമാനവും ഈ പ്രതിസന്ധിയ്ക്ക് വഴിവച്ചവയാണ്. രാജ്യത്തിന്റെ ആകെ വിദേശ കടബാധ്യത 51 ബില്യൺ ഡോളറാണ്, അതിൽ 28 ബില്യൺ ഡോളർ 2027 അവസാനത്തോടെ തിരിച്ചടയ്ക്കണം.