മുംബൈ : ലോകകപ്പില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ബാറ്റിംഗ് തകര്‍ച്ച. 358 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 14 ഓവര്‍ പിന്നിടുമ്പോള്‍ 29 റണ്‍സിന് എട്ട് വിക്കറ്റെന്ന പരിതാപകരമായ നിലയിലാണ്. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യ വിക്കറ്റ് വേട്ട തുടങ്ങി. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ പാതും നിസങ്ക വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീടെത്തിയ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ബുമ്രയുടെ ആദ്യ ഓവര്‍ അതിജീവിച്ചു. എന്നാല്‍ ലങ്കയുടെ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. രണ്ടാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് സിറാജ് തന്‍റെ ആദ്യ പന്തില്‍ തന്നെ ദിമുത് കരുണരത്നെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി.
രണ്ട് ഓപ്പണര്‍മാരും ഗോള്‍ഡന്‍ ഡക്കായതോടെ ശ്രീലങ്ക ഞെട്ടി. സിറാജ് അവിടെ നിര്‍ത്തിയില്ല. ആ ഓവറിലെ അഞ്ചാം പന്തില്‍ സദീര സമരവിക്രമയെ സ്ലിപ്പില്‍ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് സിറാജ് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഇതോട 2 റണ്‍സിന് 3 വിക്കറ്റിലേക്ക് കൂപ്പുകുത്തിയ ലങ്ക കരകയറാന്‍ വഴിയില്ലാതെ പതറി. ബുമ്രയുടെ അടുത്ത ഓവര്‍ അതിജീവിച്ചെങ്കിലും സിറാജ് തന്‍റെ മൂന്നാം ഓവറിലും ലങ്കയെ ഞെട്ടിച്ചു. ഇത്തവണ ക്യാപ്റ്റന്‍ തന്നെയായിരുന്നു സിറാജിന്‍റെ ഇര. ഒരു റണ്ണെടുത്ത മെന്‍ഡിസിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. ലങ്കയുടെ സ്കോര്‍ ബോര്‍ഡില്‍ അപ്പോഴുണ്ടായിരുന്നത് വെറും മൂന്ന് റണ്‍സ്. സിറാജും ബുമ്രയും വെടിനിര്‍ത്തിയതോടെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര അടുത്ത ആയുധമെടുത്തു.