കൊച്ചി : മാധ്യമപ്രവർത്തനായിരുന്ന കെഎം ബഷീറിനെ മദ്യലഹരിയിൽ ഓടിച്ച വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ മുടങ്ങി. പ്രതിയുടെ അഭിഭാഷകൻ അഡ്വ. ബി രാമൻപിള്ളക്ക് നിലവിൽ കേസ് പരിഗണിക്കുന്ന വഞ്ചിയൂർ കോടതിയിലെ ഒന്നാംനിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികൾ കയറാൻ സാധിക്കാത്ത വിധത്തിലുള്ള അവശതയുള്ളതിനാൽ കോടതി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം ഹര്‍ജി സമർപ്പിച്ചതിനെ തുടർന്നാണ് വിചാരണ മുടങ്ങിയത്. കോടതി മാറ്റ ഹർജി പരിഗണിക്കാൻ അധികാരപ്പെട്ട തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി അവധിയിലായതിനാലാണ് ഹരജി തീർപ്പാകാത്തത്. പാലക്കാട് ജില്ലാ ജഡ്‌ജി നസീറയെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയായി ഹൈക്കോടതി നിയമിച്ചിരുന്നുവെങ്കിലും നിയുക്ത ജഡ്‌ജി തിരുവനന്തപുരത്ത് ചാർജെടുക്കാതെ അവധിയിൽ പ്രവേശിക്കുകയായിരുന്നു.
ബ്രിട്ടീഷ് കാലഘട്ടത്തിൽ പണികഴിപ്പിച്ച ‘എച്ച്’ മോഡൽ ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികൾ കയറാൻ സാധിക്കാത്ത അവശതയുള്ളതിനാൽ കോടതി മാറ്റം വേണമെന്ന പ്രതിയുടെ ഹർജിയിൽ തീർപ്പു കൽപ്പിക്കും വരെയാണ് സാക്ഷിവിസ്താരം മാറ്റിവെച്ചത്. തുടർന്ന് കേസ് 19 ന് പരിഗണിക്കാനായി മാറ്റി. സാക്ഷി സമൻസ് റദ്ദാക്കിയ കോടതി നേരത്തേ അയച്ച സമൻസുകൾ തിരികെ വിളിപ്പിച്ചു. കേസിൽ ഡിസംബർ രണ്ടിന് വിചാരണ തുടങ്ങാൻ കോടതി നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നു. ഡിസംബർ രണ്ടു മുതൽ 18 വരെയായി 95 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. വിവിധ തീയതികളിലായി 95 സാക്ഷികൾ ഹാജരാകാനും കോടതി ഉത്തരവിടുകയും ഇവർക്ക് സമൻസ് അയക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി കെ പി അനിൽകുമാർ ആണ് പ്രതിയെ വിചാരണ ചെയ്യാൻ ഉത്തരവിട്ടത്. ഇതിനിടെയാണ് കോടതി നടപടികൾ നീട്ടിക്കൊണ്ടുപോകുന്ന രീതിയിലുള്ള പ്രതിയുടെ നടപടികൾ.