തിരുവനന്തപുരം : കോവിഡിന്റെ മൂന്നാം തരംഗം പിടിമുറുക്കുമ്പോൾ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ അടച്ചെങ്കിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. എന്നാൽ പരീക്ഷകളുടെ ചോദ്യപേപ്പർ പാറ്റേൺ പുറത്തുവന്നതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ ആശങ്കയിലാണ്.
പരീക്ഷ ലക്ഷ്യമിട്ട് ശ്രദ്ധാപൂർവ്വം പഠിക്കാൻ ഫോക്കസ് ഏരിയ (പരീക്ഷയ്ക്ക് ഊന്നൽ നൽകിയുള്ള പാഠഭാഗങ്ങൾ) പുറത്തിറക്കിയെങ്കിലും അതും വിദ്യാർത്ഥികളിൽ ആശങ്ക ഉളവാക്കുന്നുണ്ട്. കാരണം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കണമെങ്കിൽ ഫോക്കസ് ഏരിയ മാത്രം നോക്കിയാൽ പോരാ. ഫോക്കസ് ഏരിയയ്ക്ക് പുറത്തു നിന്നുള്ള പാഠഭാഗങ്ങളും ഉണ്ടാകുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നു. ഇതോടെ പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിക്കേണ്ട അവസ്‌ഥയായി.
ഈ സാഹചര്യത്തിൽ മുഴുവൻ ഭാഗങ്ങളും അധ്യാപകർ മുഴുവിപ്പിക്കേണ്ടതായി വരും. എന്നാൽ മിക്ക സ്കൂളുകളിലും ഓൺലൈനായും ഓഫ്‌ലൈനായും പഠിപ്പിച്ചു തീർന്നിട്ടുള്ളത് പകുതി പാഠഭാഗങ്ങൾ മാത്രമാണ്. പരീക്ഷ തീയതി പ്രഖ്യാപിച്ചതോടെ അധ്യാപകരും പിരിമുറുക്കത്തിലാണ്. ഇനി ഉള്ളത് ഏതാനും ആഴ്ചകൾ മാത്രമാണ്. എന്നാൽ ഈ കാലയളവിൽ പാഠഭാഗങ്ങൾ തീർക്കാൻ കഴിയുമോ എന്ന് അധ്യാപകർക്കുതന്നെ സംശയമാണ്.
കോവിഡ് കാലത്ത് പഠനം സുഗമമായി നടക്കാത്ത സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ വെട്ടിക്കുറച്ച് ഫോക്കസ് ഏരിയ പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ ഭാഗങ്ങളിൽ നിന്ന് മാത്രമാകും ചോദ്യങ്ങൾ എന്നായിരുന്നു അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ധാരണ. എന്നാൽ സർക്കാര്‍ തീരുമാനം പുറത്തുവന്നതോടെ മാനസിക പിരിമുറുക്കത്തിലാണ് വിദ്യാത്ഥികൾ.
പുസ്തകം മുഴുവൻ പഠിക്കണമെന്ന് ആദ്യംതന്നെ പറഞ്ഞിരുന്നെങ്കിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾ ഇത്ര സമ്മർദത്തിലാവില്ലായിരുന്നു. ഇക്കാര്യം വിദ്യാഭ്യാസവകുപ്പ് അധ്യയനവർഷത്തിന്റെ തുടക്കംമുതൽ കഴിഞ്ഞദിവസംവരെ മിണ്ടിയിരുന്നില്ല. ഫോക്കസ് ഏരിയ ഉണ്ടാവുമെന്ന് മന്ത്രിയടക്കം പറഞ്ഞുകൊണ്ടുമിരുന്നു. എന്നാൽ ചോദ്യപാറ്റേൺ പുറത്തുവന്നതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്ന് 30 ശതമാനം ചോദ്യങ്ങൾ ഉണ്ടാവുമെന്നതാണ് അങ്കലാപ്പിലാക്കിയത്. അത്തരം ചോദ്യങ്ങൾക്ക് ചോയ്‌സുമുണ്ടാവില്ല. ഫോക്കസ് ഏരിയയിൽനിന്ന് 70 ശതമാനം ചോദ്യങ്ങളാണ് ഉണ്ടാവുകയെന്നും അറിയിച്ചു.
ഫോക്കസ് ഏരിയ നല്‍കിയതിലൂടെ കുട്ടികള്‍ക്ക് ഫലത്തില്‍ കാര്യമായ ഗുണം ലഭിക്കില്ല. 80 മാര്‍ക്കിന് പരീക്ഷ എഴുതേണ്ട പേപ്പറിന് 120 മാര്‍ക്കിന്റെ ചോദ്യക്കടലാസാണു നല്‍കുക. ഫോക്കസ് ഏരിയയില്‍ നിന്ന് 70% മാര്‍ക്കിനുള്ള ചോദ്യമുണ്ടാകുമെന്നാണ് മുന്‍ സര്‍ക്കുലര്‍. 120 മാര്‍ക്കിന്റെ 70% എന്ന നിരക്കില്‍ 84 മാര്‍ക്കിന്റെ ചോദ്യം ഫോക്കസ് ഏരിയയില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അധ്യാപകരും കുട്ടികളും. എന്നാല്‍ 80 മാര്‍ക്കിന്റെ 70 ശതമാനമായ 56 മാര്‍ക്കിനേ ഫോക്കസ് ഏരിയയില്‍നിന്നു ചോദിക്കൂവെന്ന സാഹചര്യം വന്നതോടെ എ പ്ലസ്, എ ഗ്രേഡ് സ്‌കോര്‍ ചെയ്യണമെങ്കില്‍ ഫോക്കസ് ഏരിയക്കു പുറത്തുനിന്ന് (80 ല്‍) 24 മാര്‍ക്ക് കൂടി നേടണം. ഫോക്കസ് ഏരിയയുടെ പകുതിപോലും പഠിപ്പിച്ചു തീരില്ല. ആഴ്‌ചയില്‍ 3 ദിവസം മാത്രം ഉച്ചവരെയുള്ള ക്ലാസുകൊണ്ട് ഇത്രയധികം പാഠഭാഗം എടുത്തുതീര്‍ക്കാനാകില്ലെന്ന് അധ്യാപകരും പറയുന്നു.
എസ്.എസ്.എൽ.സി.ക്കാരേക്കാൾ കഷ്ടത്തിലാവുന്നത് പ്ലസ്ടുക്കാരാണ്. ഫലത്തിൽ സ്‌കൂളിൽ വന്നുള്ള ക്ലാസ് അവർക്കിനി കഷ്ടിച്ച് നാലാഴ്ച മാത്രമേ കിട്ടൂ. കാരണം ജനുവരി 30-ന് ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടക്കുകയാണ്. ഏതാണ്ട് മൂന്നുലക്ഷം കുട്ടികൾ ഈ പരീക്ഷ എഴുതുന്നുണ്ട്. ആ പരീക്ഷ കഴിഞ്ഞാൽ പിറ്റേ ആഴ്ചതന്നെ അതിന്റെ മൂല്യനിർണയം നടക്കും. മിക്ക അധ്യാപകരും അതിന്റെ ഡ്യൂട്ടിയിലാവും. ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ച അങ്ങനെ ക്ലാസില്ലാതാവും.
ഫെബ്രുവരി 15-ഓടെ പ്രാക്ടിക്കൽ പരീക്ഷ തുടങ്ങും. പിന്നീടുള്ള രണ്ടാഴ്ച അതിന്റെ പേരിൽ ക്ലാസ് മുടങ്ങും. മാർച്ച് ഒന്നിന് ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിയുമ്പോഴേക്കും മോഡൽ പരീക്ഷ 16-ന് തുടങ്ങും. 10 ദിവസം അങ്ങനെയും പോകും. മാർച്ച് 31-നാണ് പ്ലസ്ടു പരീക്ഷ. കഴിഞ്ഞവർഷം പഠിപ്പിക്കാതെപോയ ചില പ്ലസ് വൺ പാഠങ്ങളുടെ തുടർച്ച ഇത്തവണത്തെ ഫോക്കസ് ഏരിയയിൽ വന്നതിനാൽ കഴിഞ്ഞ വർഷത്തെ ആ പാഠങ്ങൾ പഠിപ്പിച്ചും സമയം പോയിരുന്നു. പ്രാക്ടിക്കൽ പരീക്ഷ ഉണ്ടെന്ന് പറഞ്ഞെങ്കിലും കുട്ടികളാരും ഇതുവരെ ലാബ് കണ്ടിട്ടില്ല. പ്രാക്ടിക്കലിനുള്ള മാർഗനിർദേശങ്ങൾ കഴിഞ്ഞദിവസമാണ് എത്തിയതും.
ഫോക്കസ് ഏരിയയേക്കാള്‍ പ്രാധാന്യമുള്ള നോണ്‍ ഫോക്കസ് ഏരിയ കണ്ട് എന്തുചെയ്യുമെന്നറിയാത്ത അങ്കലാപ്പിലാണ് സകലരും. ഫോക്കസ് ഏരിയയ്‌ക്ക് കിട്ടുന്ന ചോയ്‌സ് പോലും നോണ്‍ ഫോക്കസ് ഏരിയയ്‌ക്ക് അനുവദിച്ചു നല്‍കിയിട്ടില്ല എന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബിരുദ പ്രവേശനത്തില്‍ കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ മറ്റു സ്‌ട്രീമിലുള്ള കുട്ടികളെ പിന്നിലാക്കിയതാണ് പുതിയ പരിഷ്‌കാരങ്ങള്‍ക്ക് കാരണമെന്നു പറയുന്നു. കേരള സിലബസില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നതു പരോക്ഷമായി തടയാനാണു ഇത്തരത്തിലൊരു നീക്കമെന്നാണ് പൊതുവെയുള്ള സംസാരം.