പത്തനംതിട്ട: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന നടത്തി. പഴകിയ ഭക്ഷണവും വൃത്തിഹീനമായ സാഹചര്യവും കണ്ടതിനെ തുടർന്ന് അമാനി ഹോട്ടൽ, മലബാർ റസ്റ്റോറന്റ് എന്നിവ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം ഈ സ്ഥാപനങ്ങളുടെ ലൈസൻസും റദ്ദ് ചെയ്തു. രണ്ടു തട്ടുകടകളിൽ നിന്ന് 14 കിലോ എണ്ണ പിടിച്ചെടുത്തു. പാചകത്തിന് ഈ എണ്ണ വീണ്ടും ഉപയോഗിച്ചതിനാണു പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷ ഡപ്യൂട്ടി കമ്മീഷണർ അനിൽകുമാർ, അസിസ്റ്റന്റ് കമ്മീഷണർ സുജിത് പെരേര, ഭക്ഷ്യസുരക്ഷ ഓഫിസർമാരായ അസീം, സൗമ്യ, നിവീന, പ്രശാന്ത്കുമാർ, പ്രശാന്ത്, അർഷിത ബഷീർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
പത്തനംതിട്ട നഗരത്തിലെ ഹോട്ടലുകളിലും കാന്റീനുകളിലും പഴകിയ ഭക്ഷണങ്ങള്‍ വ്യാപകമായിട്ടും ഇതിനെതിരെ പരിശോധന നടത്തുവാനോ നടപടികള്‍ സ്വീകരിക്കുവാനോ നഗരസഭയുടെ ആരോഗ്യവിഭാഗം തയ്യാറായിട്ടില്ല. ജനങ്ങളില്‍ നിന്നും വ്യാപകമായി പരാതികള്‍ ഉയര്‍ന്നതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ക്ക് മുന്നിട്ടിറങ്ങിയത്. മിക്ക ഹോട്ടലുകളിലും വൃത്തിഹീനമായ ചുറ്റുപാടിലാണ് ആഹാരം തയ്യാര്‍ ചെയ്യുന്നതും സൂക്ഷിക്കുന്നതും. തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി കര്‍ശന നടപടി സ്വീകരിക്കേണ്ടത് നഗരസഭയാണ്. എന്നാല്‍ പുതിയ ഭരണസമിതി വന്നതില്‍പ്പിന്നെ ഹോട്ടലുകളിലെ പരിശോധനകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി. ഹോട്ടല്‍ അസോസിയേഷനുമായുള്ള അവിഹിത കൂട്ടുകെട്ടാണ് ഇതിനുകാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്.




























