നഗോയ : ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിൽ സെയ്‌ലിങ്ങിൽ ഇന്ത്യയ്ക്ക് വെള്ളി. പുരുഷന്മാരുടെ സ്‌കിഫ് വിഭാഗത്തിൽ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലുമാണ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഒമ്പത് മത്സരങ്ങളിലും മികച്ച സ്ഥിരതയാർന്ന പ്രകടനമാണ് ഫ്രാൻസിസും നോബിളും കാഴ്ചവെച്ചത്. ആകെ 23 പോയിന്റുകൾ നേടിയ ഇവർ ഒരു മത്സരത്തിൽ വിജയിക്കുകയും ചെയ്തതോടെ വെള്ളി മെഡൽ ഉറപ്പിക്കുകയായിരുന്നു.
ചൈന സ്വർണ മെഡൽ നേടിയപ്പോൾ ഹോങ് കോങ് വെങ്കല മെഡൽ സ്വന്തമാക്കി. അതേസമയം വനിതാ സ്‌ക്വാഷിൽ ടീം ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം. അനാഹത് സിങ്, തൻവി ഖന്ന, ജോഷ്‌ന ചിന്നപ്പ എന്നിവരടങ്ങിയ ഇന്ത്യൻ സംഘമാണ് വെങ്കലം നേടിയത്. വനിതാ ടീം സെമിഫൈനലിൽ ഹോങ് കോങ്ങിനോട് പരാജയപ്പെടുകയായിരുന്നു.




























