ബിരിയാണിയിലും കറിയിലും ഉപയോഗിക്കുന്ന സുഗന്ധ വ്യജ്ഞനമാണ് തക്കോലം. കറുവപ്പട്ടയും ഗ്രാമ്പൂവും മാത്രമല്ല, ഇവയില്‍ പ്രധാനി തന്നെയാണ് തക്കോലവും. എന്നാല്‍ ഇതിന് ആരും അത്ര പ്രാധാന്യം നല്‍കുന്നില്ലെന്നതുമൊരു വാസ്തവമാണ്. ഭക്ഷണത്തിന് സവിശേഷമായ സുഗന്ധം നല്‍കാനാണ് പ്രധാനമായും തക്കോലം ഉപയോഗിക്കുന്നത്. രുചിക്കും മണത്തിനുമപ്പുറം നിരവധി ഗുണങ്ങളാണ് തക്കോലം നല്‍കുന്നത്. മഗ്‌നോളിയ കുടുംബത്തില്‍പ്പെട്ട ഇല്ലിസിയം വെറം എന്ന വൃക്ഷത്തില്‍ നിന്നാണ് തക്കോലം ലഭിക്കുന്നത്. അനെത്തോള്‍ എന്ന രാസ സംയുക്തം തക്കോലത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹന എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വയറുവേദന, ഗ്യാസ്, പുളിച്ച് തികട്ടല്‍ തുടങ്ങിയ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിന് തക്കോലം സഹായിക്കുന്നു. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ എ, സി എന്നിവയും അടങ്ങിയ തക്കോലം ശരീരത്തിലുടനീളമുള്ള ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതില്‍ വളരെ ഫലപ്രദമാണ്. വാര്‍ദ്ധക്യത്തെ ഒരു പരിധി വരെ ചെറുക്കുന്നതിനും ചുളിവുകളെ ഭേദപ്പെടുത്തുന്നതിനും തക്കോലം സഹായിക്കും. ചര്‍മ്മത്തിന്റെ ഗുണനിലവാരവും ഘടനയും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ തക്കോലം സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.