പത്തനംതിട്ട : പ്രീ – പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികളുടെയും ജീവനക്കാരുടെയും അന്നം മുടക്കിയായി സംസ്ഥാന ബഡ്ജറ്റ് മാറിയെന്നു കേരള എഡ്യൂക്കേഷണൽ ഇൻസിസ്‌ട്യൂഷൻസ് എംപ്ലോയീസ് കോൺഗ്രസ് (ഐ എൻ ടി യു സി). അംഗീകാരം ലഭിക്കാത്ത 1000 ൽ പരം പ്രീ-പ്രൈമറി വിദ്യാലയങ്ങൾ കേര ളത്തിലുണ്ട്. ഇവിടെ പഠനം നടത്തുന്ന 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം മറ്റ് പോഷക ആഹാരങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ല. ജീവനക്കാർക്ക് ഓണറേറിയം നൽകുന്നില്ല. എൽ.പി, യു.പി വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുമ്പോൾ നിലവിൽ നോക്കിയിരിക്കേണ്ട അവസ്ഥയാണ് ഉളളത്. അംഗീകാരം ലഭിക്കാത്തതുകൊണ്ടാണ് കുട്ടികൾക്ക് ഭക്ഷണവും ജീവനക്കാർക്ക് ഓണറേറിയവും നൽകുവാൻ കഴിയാത്തത് എന്നാണ് പ്രഥമ അദ്ധ്യാപകർ അറിയിക്കുന്നത്.
യു.ഡി. എഫ് ഗവൺമെന്റ്റിൻ്റെ ഭരണകാലത്ത് നിലനിന്നിരുന്ന ഉത്തരവ് പുനഃസ്ഥാപിച്ച് വിദ്യാർത്ഥികൾക്ക് ഭക്ഷണവും ജീവനക്കാർക്ക് ഓണറേറിയവും നൽകാൻ ബഡ്ജറ്റിൽ നടപടി ഉണ്ടാകണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ഹൈസ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചുവരുന്ന ഹയർ സെക്കൻഡറി വിദ്യാലയങ്ങൾ നിശ്ചിത എണ്ണം കുട്ടികൾ ഇല്ലാത്തതിനാൽ നിർത്തലാക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്നും ആവശ്യമായ അദ്ധ്യാപകരെ സ്ഥിരമായി നിയമിക്കമെന്നും ലാബ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പഠനത്തിനനുയോജ്യമായ ക്ലാസ്‌മുറികൾ നിർമ്മിക്കുന്നതിനും ഫണ്ട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രസിഡൻ്റ് ബി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എസ്.എച്ച്.എം ജോസഫ്, ജീവനക്കാരായ സുദർശനകുമാരി റ്റി, സി.എം.രാജു, ലാലി തോമസ്, ഓമന ജെയിംസ്, അനന്തു.റ്റി.എസ്. ശ്രീശുഭ.ജി, പാർവ്വതി രാംകുമാർ, രജനി.ജി, യമുന.എസ്.പി, ഹരിതാമുരളി, ലിമ്‌ന ജോർജ്ജ്, ഡെയ്‌സി.സി എന്നിവർ പ്രസംഗിച്ചു.