റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിനായി കെഎസ് ടി പി വില നൽകി ഏറ്റെടുത്ത സ്ഥലങ്ങൾ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാതെ പോയോ എന്ന് പരിശോധിക്കുന്നതിന് ഒരു സ്പെഷ്യൽ ടീമിനെ നിയമിക്കുവാൻ തീരുമാനമായി. സംസ്ഥാന പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പരാതികൾ പരിശോധിക്കുന്നതിന് എംഎൽഎയുടെ നിർദ്ദേശപ്രകാരം കെ എസ് ടി പി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം.
റോഡിൻറെ റാന്നി, പഴവങ്ങാടി പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിലെ പരാതികൾ കടന്നു പോകുന്ന സ്ഥലങ്ങളിലെ അതാത് പഞ്ചായത്ത് മെമ്പർമാർക്ക് നൽകേണ്ടതാണ്. മെമ്പർമാർ ഇത് സമാഹരിച്ച് കെഎസ്ടിപി അധികൃതർ കൈമാറും. വന്ന പരാതികൾ പരിഹരിച്ചു എന്നറിയാൻ ഒരു മാസത്തിനുശേഷം രണ്ടു പഞ്ചായത്തുകളിലും വെവ്വേറെ അദാലത്തുകൾ നടത്തും.
കെഎസ്ടിപി അധികൃതർക്ക് നൽകുന്ന പരാതികൾ പരിഹാരമാകുന്നില്ല എന്ന് പരാതി വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് അദാലത്ത് നടത്തിയത്. എന്നാൽ അദാലത്ത് നടക്കുന്ന കാര്യം പൊതുജനത്തെ അറിയിക്കാൻ കെഎസ്ടി അധികൃതർ നടപടികൾ സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് വീണ്ടും പഞ്ചായത്ത് തലത്തിൽ പരാതി പരിഹരിച്ചു എന്നറിയാൻ അദാലത്തുകൾ നടത്താൻ എംഎൽഎ നിർദേശം നൽകിയത്.
ഉതിമൂട് ബ്ലോക്ക് പടി മാമുക്ക് ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥ ആകുമ്പോൾ ഇവിടങ്ങളിൽ റോഡ് സുരക്ഷ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുവാൻ അദാലത്തിൽ തീരുമാനമായി. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് ഇട്ട ഡംപിങ് സ്റ്റേഷനുകളിലെ മണ്ണ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ഇവിടെ നിന്ന് മാറ്റി പഴയപടി ആക്കുമെന്ന് കെഎസ്ടിപി ഉറപ്പുനൽകി. ചെത്തോംകര വലിയ തോട് വീതി കൂട്ടുന്ന നടപടികൾ ധ്യതഗതി നടപ്പിലാക്കുമെന്ന് അധികൃതർ ഉറപ്പു നൽകി.
എംഎൽഎ കൂടാതെ പഞ്ചായത്ത് മെമ്പർ പ്രസിഡണ്ടുമാരായ അനിത അനിൽകുമാർ , ശോഭ ചാർലി ,മെമ്പർമാരായ സച്ചിൻ വയല, മന്ദിരം രവീന്ദ്രൻ , കെഎസ് ടി പി ചീഫ് എൻജിനീയർ ഹരീഷ് കുമാർ , എക്സി എൻജിനീയർ ജാസ്മിൻ, ഈ കെ കെ പ്രോജക്ട് മാനേജർ ശ്രീരാജ് , ആലിച്ചൻ ആറൊന്നിൽ,അഡ്വ എം കെ മനോജ് , എം ആർ സുനിൽകുമാർ , എന്നിവർ പങ്കെടുത്തു.