ഇടുക്കി : പീരുമേട്ടിലെ കുടിവെള്ള പ്രശ്നത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജീവനക്കാരുടെ അഭാവം കാരണം പീരുമേട് ജലവിഭവവകുപ്പ് സബ്ഡിവിഷന്റെ പ്രവര്‍ത്തനം താളംതെറ്റുകയാണെന്ന പരാതി പരിശോധിച്ചാണ് കമ്മീഷന്‍ ഇടപെടല്‍. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ജലവിഭവ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. തീരുമാനം പരാതിക്കാരനെ നേരിട്ട് അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കമ്മീഷന്‍ ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. പീരുമേട് സബ്ഡിവിഷനില്‍ പമ്പ് ഓപ്പറേറ്റര്‍മാരെ എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ച് വഴി നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം മൂലം നിയമനത്തില്‍ കാലതാമസം നേരിട്ടു. അടിയന്തിര സാഹചര്യങ്ങളില്‍ അറ്റകുറ്റ പണികള്‍ക്കായി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അനുവാദത്തോടെ താത്ക്കാലിക സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. നിലവില്‍ പീരുമേട് സെക്ഷന്‍ ഓഫീസിന് കീഴില്‍ കുടിവെള്ള വിതണം സുഗമമായി നടക്കുന്നുണ്ട്.
പൈപ്പുകളില്‍ ഉണ്ടാകുന്ന ചോര്‍ച്ച തടയാന്‍ ചില സമയങ്ങളില്‍ നേരിയ കാലതാമസമുണ്ടാകാറുണ്ട്. നിലവിലുള്ള വാട്ടര്‍ കണക്ഷനുകളുടെ എണ്ണം അനുസരിച്ച് പുതിയൊരു സെക്ഷന്‍ ഓഫീസ് രൂപീകരിക്കേണ്ട ആവശ്യമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പമ്പ് ഓപ്പറേറ്റര്‍മാരുടെ കുറവ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഈ വിലയിരുത്തല്‍ പരിശോധിച്ചാണ് കമ്മീഷന്‍ ഉത്തരവ്.