പത്തനംതിട്ട : കായിക രംഗം മതസൗഹാര്‍ദത്തിന്റെ മേഖലയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. മെയ് നാല്, അഞ്ച് തീയതികളില്‍ മലയാലപ്പുഴ മുസലിയാര്‍ എന്‍ജിനീയറിംഗ് കോളജില്‍ വച്ചു നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗതസംഘം ഓഫീസ് പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡിന് ശേഷം കായിക മേഖല ഉണര്‍ന്നിരിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തിലാണ് വോളിബോള്‍ മത്സരം അരങ്ങേറുന്നത്. കായികസംഘടനകള്‍ വിഘടിച്ചു പ്രവര്‍ത്തനം മന്ദീഭവിക്കുമ്പോള്‍ കായിക രംഗത്തിന് തളര്‍ച്ച ഉണ്ടാകും. ആ തളര്‍ച്ച നികത്താന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേരിട്ട് ശ്രമിക്കുന്നു. കായിക രംഗത്തെ ഉണര്‍വിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനം വളരെ വലുതാണ്. കായിക രംഗത്തിനായി ഒരു മന്ത്രി ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാനും
മുന്‍ എംഎല്‍എയുമായ രാജു എബ്രഹാം മുഖ്യ അതിഥി ആയിരുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി.എന്‍ രാജേഷ്, സ്വാഗതസംഘം രക്ഷാധികാരി പി.ആര്‍ പ്രസാദ്, ഫുഡ് കമ്മറ്റി ചെയര്‍മാന്‍ സലിം, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ആര്‍.പ്രസന്നകുമാര്‍, ജില്ലാ ഹോക്കി അസോസിയേഷന്‍ സെക്രട്ടറി അമൃത് രാജ്, എന്‍.പി ഗോപാലകൃഷ്ണന്‍, ശിവാനന്ദന്‍, എം.ജി രവി, പ്രൊഫ.ശരത് രാജ്, പ്രൊഫ.നവീന്‍ കോശി, പ്രൊഫ.എസ്.പി അനീഷ്, സ്വാഗതസംഘം ഭാരവാഹികളായ മലയാലപ്പുഴ മോഹനന്‍, റോബിന്‍ വിളവിനാല്‍, വര്‍ഗീസ് മുളയ്ക്കല്‍, രാജു നെടുമ്പ്രം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബോള്‍ കോച്ച് തങ്കച്ചന്‍ പി ജോസഫ് എന്നിവര്‍ പങ്കെടുത്തു.