റാന്നി: 2022-2023 ലെ സംസ്ഥാന അധ്യാപക അവാര്‍ഡിന് വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സി എം എസ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സാബു പുല്ലാട്ട് അര്‍ഹനായി. പഠന – പഠനേതര രംഗങ്ങളില്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ നൂതനവും വ്യത്യസ്തങ്ങളുമായ പ്രവര്‍ത്തനങ്ങളാണ് സാബു പുല്ലാട്ടിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോഡ് മാര്‍ലോ സ്‌കൂളുമായി ചേര്‍ന്ന് ആരംഭിച്ച പഠന പങ്കാളിത്ത പരിപാടി, കുട്ടികളുടെ എഫ് എം റേഡിയോ സ്റ്റേഷന്‍, ഇംഗ്ലീഷ് ബിനാലെ, ഡിജിറ്റല്‍ മാഗസിന്‍, ഓഡിയോ മാഗസിന്‍, ക്ലവ്ഡ് ഫെസ്റ്റ്, ബക്കറ്റ് ചലഞ്ച്, ക്രൗഡ് ഫണ്ടിംങ്, ഓണ്‍ലൈന്‍ പഠനോപകരണ ബാങ്ക്, ശുചിത്വ ഗ്രാമം പദ്ധതി, ബോട്ടിക് ബോക്‌സ്, ബോണ്‍ നതാലേ, കുട്ടിക്കര്‍ഷക മേള, സഞ്ചരിക്കുന്ന പ്ലാനറ്റോറിയം, ഓണ്‍ലൈന്‍ സയന്‍സ് എക്‌സ്‌പോ, ഇക്കോ ബ്രിക്‌സ് ചലഞ്ച്, വിദ്യാലയം വീട്ടിലേക്ക്, വായനച്ചങ്ങല തുടങ്ങി ഒട്ടനവധി വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി നടപ്പാക്കിയിട്ടുണ്ട്.
പ്രളയ സമയത്തു നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ നേതൃത്വം എന്നിവയും ശ്രദ്ധേയമാണ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ട് വെച്ച ബദലുകള്‍ രാജ്യന്തര തലത്തില്‍ പോലും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിക്കുന്നു. സെന്റര്‍ ഫോര്‍ സയന്‍സ് & എന്‍വയൊണ്മെന്റല്‍ സ്റ്റഡീസിന്റെ രാജ്യത്തെ മികച്ച പ്രൈമറി അധ്യാപക പുരസ്‌കാരം, കൃഷി വകുപ്പിന്റെ ഊര്‍ജ്ജിത പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ മികച്ച സ്ഥാപന മേധാവിക്കുള്ള സംസ്ഥാന അവാര്‍ഡ്, മുകുളം ബെസ്റ്റ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍ അവാര്‍ഡ്, ഗുരു ശ്രേഷ്ഠ പുരസ്‌കാരം തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂള്‍ ജൈവ പച്ചക്കറിത്തോട്ടത്തിനുള്ള കൃഷി വകുപ്പിന്റെ അവാര്‍ഡ്, ഐ.സി.എ.ആര്‍ കൃഷി വി ജ്ഞാന കേന്ദ്രത്തിന്റെ മുകുളം അവാര്‍ഡ്, മികച്ച സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തെ കണ്ടെത്തുവാന്‍ മലയാള മനോരമയുടെ നല്ലപാഠം സംസ്ഥാന പുരസ്‌കാരം, മികച്ച വിദ്യാഭ്യാസ മാതൃക കണ്ടെത്താന്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലെ മികച്ച പ്രകടനം തുടങ്ങി സാബു പുല്ലാട്ടിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തിന് കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 50 ല്‍ അധികം അവാര്‍ഡുകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ റെനി അച്ചാമ്മ വര്‍ക്കി ( അധ്യാപിക ). മക്കള്‍ : ആല്‍ബിന്‍, അശ്വിന്‍.