തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നൽകിയ സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച് പോലീസ് മേധാവി. സസ്പെന്‍ഷനിലുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനും ചുമതല നൽകിയത് വിവാദമായതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. മാതൃകാ സ്റ്റേഷനുകളാക്കാൻ പോലീസ് സ്റ്റേഷനുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ദത്തെടുക്കണം എന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം. 2025ൽ ഡിജിപിമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നൽകിയ നിര്‍ദ്ദേശം അനുസരിച്ചാണ് സംസ്ഥാനത്തെ 59 സ്റ്റേഷനുകളുടെ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മേധാവി നൽകിയത്.
വികിസിത് ഭാരതിന്‍റെ ഭാഗമായാണ് മാതൃകാസ്റ്റേഷനായി ഉയര്‍ത്തുകയെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. വര്‍ക്കല പോലീസ് സ്റ്റേഷന്‍റെ ചുമതലയാണ് എം ആര്‍ അജിത് കുമാറിന് നൽകിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിന് കിളിമാനൂര്‍ സ്റ്റേഷന്‍റെ ചുമതലയും നൽകി. അങ്ങനെ കേരള കേഡറിലെ പത്ത് വര്‍ഷം സര്‍വീസുള്ള എസ്പി മുതൽ ഡിജിപി വരെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും സ്റ്റേഷൻ ചുമതല നൽകി. സസ്പെന്‍ഷൻ കഴിയുമ്പോള്‍ ചുമതല ഏറ്റെടുക്കാമല്ലോയെന്നായിരുന്നു അജിത് കുമാറിനെയും ഉള്‍പ്പെടുത്തുമ്പോള്‍ പോലീസ് ആസ്ഥാനത്തെ ആലോചന. പക്ഷേ വിവാദമായി. ഇതോടെ ഉത്തരവ് പിന്‍വലിക്കാൻ പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തീരുമാനിച്ചു. കൂടിയാലോചനകള്‍ക്ക് ശേഷം പട്ടിക പുതുക്കി ഉത്തരവിറക്കും.






























