തൊടുപുഴ : യൂ ട്യൂബ് നോക്കി മോഷണം പഠിച്ച് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പോലീസ് പിടിയിൽ. മൂന്നാർ ഇക്കാനഗർസ്വദേശി ആർ.വിനു (18), ലക്ഷ്മി പാർവതി ഡിവിഷനിൽ രാമ മൂർത്തി (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഓഫീസിന്റെ മുറ്റത്തുനിന്നും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട ഹോസ്റ്റൽ ബൈക്ക് മോഷണം പോയത്. സൊസൈറ്റി ജീവനക്കാരൻ അനൂബ് ഏഴു മണിയോടെ കടയിൽപോയി വന്നതിനുശേഷം രാത്രി 11 മണിവരെ മുറ്റത്ത് ബൈക്ക് കണ്ടിരുന്നു. രാവിലെ ടൗണിൽ പോകാൻ ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്.
തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകി. പോലീസ് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതികൾ ആരെന്ന് വ്യക്തമായിരുന്നില്ല. തേനി പോലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. യൂട്യൂബ് വീഡിയോകൾ നോക്കി മോഷണം നടത്തുന്നത് പഠിച്ചശേഷം രാത്രി വാഹനങ്ങൾ മോഷ്ടിക്കുകയാണ് യുവാക്കൾ ചെയ്യുന്നതെന്ന് സി.ഐ മനീഷ് കെ പൗലോസ്, എസ്ഐ ഷാഹുൽഹമീദ് എന്നിവർ പറഞ്ഞു. വാഹനങ്ങൾ വിറ്റ് കിട്ടുന്ന പൈസ ആഡംബര ജീവിതത്തിനായി ഉപയോഗിക്കും. മൂന്നാറിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്ന മോഷണ കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. എസ്ഐ മാരായ ചന്ദ്രൻ വിൻസന്റ്, നിസാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.