മസ്കത്ത് : ലോക ജനത നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിയ മയക്കുമരുന്നിനെതിരെ ശക്തമായ നടപടിയുമായി ഒമാൻ. ഇതിന്റെ ഭാഗമായി മയക്കുമരുന്ന് ഉപയോഗം കടത്തുവിൽപന എന്നിവക്കെതിരെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ശിക്ഷാനടപടികൾ ശക്തമാക്കുകയും ചെയ്തു. മനസ്സിനെയും നാഡീവ്യൂഹത്തേയും പ്രതികൂലമായി ബാധിക്കുകയും ഇതു ക്രമേണ മയക്കു മരുന്നിന് അടിമയാവുകയും ചെയ്യുമെന്ന് സാമൂഹിക മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മയക്കു മരുന്ന് കൈവശം വെക്കുന്നതുപോലും ഒമാൻ നിയമ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. മയക്കുമരുന്നുകൾ കടത്തുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും കൃഷി ചെയ്യുന്നതുമൊക്കെ കടുത്ത ശിക്ഷ ലഭിക്കും. ഇതു സംബന്ധമായ ഇടപാടുകളിൽ പണം ഇറക്കുന്നതും ഇത്തരം ഇടപാടിലൂടെ പണം ഉണ്ടാക്കുന്നതും കുറ്റകരമാണ്.
ഇവക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. ചിലപ്പോൾ മരണം വരെ തടവ് ശിക്ഷയും ലഭിക്കാൻ മയക്കുമരുന്ന് ഇടപാടുകളും ഉപയോഗവും കാരണമാകും. ആദ്യമായി ഇത്തരം കേസുകളിൽ പിടിക്കുന്നവരെ കോടതിയിൽ എത്തിയാൽ ചുരുങ്ങിയ ശിക്ഷയാണ് ലഭിക്കുക. മയക്കു മരുന്ന് ഉപയോഗിക്കുന്നവർക്ക് പുനർവിചിന്തനത്തിനും കുറ്റകൃത്യങ്ങളിൽ നിന്ന് അകലാനും ഇതു സഹായിക്കും. എന്നാൽ കുറ്റകൃത്യം ആവർത്തിക്കുന്നതോടെ ശിക്ഷ കടുക്കും. ചീത്ത കൂട്ടുകാരും കൂട്ടുകെട്ടുമാണ് പലരേയും മയക്കു മരുന്നിലേക്ക് നയിക്കുന്നത്. ബോധപൂർവമല്ലാതെ ഇങ്ങനെ എത്തിപ്പെടുന്നവർക്കു ചികിത്സ നൽകുകയും ചെയ്യുന്നു. ഏകാന്തത, കുടംബത്തിന്റെ ശ്രദ്ധ ഇല്ലായ്മ എന്നീ ഘടകങ്ങളാണ് പലരേയും മയക്കു മരുന്നിലേക്ക് നയിക്കുന്നത്.