പത്തനംതിട്ട : ശുചിമുറി മാലിന്യ നിർമാർജ്ജന വിഷയം ചർച്ച ചെയ്യാൻ മാലിന്യ നിർമാർജന തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) പ്രതിനിധികളുമായും ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളി ഫെഡറേഷൻ പ്രതിനിധികളുമായും പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ നടത്തിയ ചർച്ച പൂർത്തിയായി.
പത്തനംതിട്ട ജില്ലയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നതിന് ആവശ്യമായി നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ചർച്ചയിൽ ശുചിത്വ മിഷൻ വ്യക്തമാക്കി. ഇതിനായി ജില്ലാ ശുചിത്വ മിഷൻ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി വരുകയാണ്. ശുചിമുറി മാലിന്യ സംസ്കരണത്തിനായി ഉയർന്ന ശേഷിയുളള പ്ലാന്റ് സ്ഥാപിക്കുന്നതിനായുളള ഭൂമി ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനമായി.
തുടർ നടപടിയെന്ന നിലയിൽ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ പോലീസ് സേന, തൊഴിൽ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയും തൊഴിലാളി യൂണിയൻ പ്രതിനിധികളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ട് യോഗം വിളിച്ചുചേർക്കാനും ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്ററുമായി നടന്ന ചർച്ചയിൽ ധാരണയായി. നിലവിൽ ജില്ലയിലെ മൂന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ വാങ്ങാൻ പദ്ധതി തയ്യാറാക്കി മുന്നോട്ട് പോകുകയാണ്. ഈ നടപടി വേഗത്തിലാക്കുമെന്ന് തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് വ്യക്തമാക്കി. ജില്ലയ്ക്ക് പുറത്ത് സർക്കാർ ഉടമസ്ഥതതയിലുളള മാലിന്യ സംസ്കരണ സംവിധാനങ്ങളിലേക്കുളള ശുചിമുറി മാലിന്യ നീക്കത്തിനായി പാസ് ഇഷ്യൂ ചെയ്യണമെന്ന് യോഗത്തിൽ മാലിന്യ നിർമാർജന തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുമെന്ന് പത്തനംതിട്ട ശുചിത്വ മിഷൻ അറിയിച്ചു.
പത്തനംതിട്ട ശുചിത്വ മിഷൻ ജില്ല കോ ഓർഡിനേറ്റർ നിഫി എസ് ഹക്കിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ജില്ല ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (എസ്ഡബ്ല്യൂഎം) ആദർശ് പി കുമാർ, ടെക്നിക്കൽ കൺസൾട്ടന്റ് അരുൺ വേണുഗോപാൽ എന്നിവരും മാലിന്യ നിർമാർജന തൊഴിലാളി യൂണിയനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ, ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്റ് എ ഡി ജോർജ്ജ്, ജില്ലാ സെക്രട്ടറി എ അരുൺ കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ബി ആഷിഖ് എന്നിവരും പങ്കെടുത്തു. പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിലെ ജില്ല ശുചിത്വ മിഷൻ കാര്യാലയത്തിലായിരുന്നു ചർച്ച.