കൊച്ചി : ബസുകളില്‍ പരസ്യം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കെ.എസ്.ആര്‍.ടി.സി നിലപാട് കോടതി ഇന്ന് കേള്‍ക്കും. കോര്‍പ്പറേഷനില്‍ വലിയ പ്രതിസന്ധിയെന്നാണ് സര്‍ക്കാര്‍ നിലപാട്. വടക്കാഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ അജിത് കെ നരേന്ദ്രനും പി ജി അനില്‍ കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ബസില്‍ മുഴുവന്‍ പരസ്യം അനുവദിക്കാന്‍ ആകില്ലെന്ന നിലപാടാണ് ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ചത്. കേസില്‍ കെഎസ്‌ആര്‍ടിസിയെ കക്ഷിയാക്കുകയും ചെയ്തു.
കെഎസ്‌ആര്‍ടിസിയെ കൂടി കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. കെഎസ്‌ആര്‍ടിസി പ്രതിസന്ധി നേരിടുന്ന സമയമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പ്രത്യേക പരിഗണനയല്ല ആവശ്യപ്പെടുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. കെഎസ്‌ആര്‍ടിസി ബസുകളിലെ അധിക ഫിറ്റിംഗ്‌സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കര്‍ശന നടപടി വേണമെന്നും പറഞ്ഞിരുന്നു.