പത്തനംതിട്ട : വീടിന് നേരെ ഉണ്ടായ കല്ലേറിൽ പ്രദേശവാസികൾക്ക് പരുക്ക്. ചിറ്റാർ നീലിപ്ലാവിൽ തടത്തിൽ ടി.പി.പ്രസന്നൻ (36), ഗായത്രി ശരത് (18), ബിന്ദു (36) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.40ന് ആയിരുന്നു സംഭവം. ശിവലാൽ എന്ന യുവാവാണ് വീടുകൾക്ക് നേരെ ആക്രമണം നടത്തിയെന്നാണ് പരാതി. പ്രസന്നന്‍റെ വീടിനു നേരെയാണ് ശിവലാൽ എന്ന യുവാവ് ആദ്യം കല്ലെറിഞ്ഞത്.
വീട്ടിലേക്ക് കല്ലുകൾ പതിച്ചതോടെ പ്രസന്നൻ ഓടി തൊട്ടടുത്ത വീട്ടിൽ ഓടിക്കയറിയെങ്കിലും ഇയാൾ അവിടെയും കല്ലുകൾ എറിയാൻ തുടങ്ങി. പ്രസന്നന് തലയ്ക്കും തോളിനും പരുക്കേറ്റു. കല്ലെറിയുന്നത് ചോദ്യം ചെയ്യാനെത്തിയ അയൽവാസികളായ ഗായത്രിക്കും ബിന്ദുവിനും തലയിലും മുഖത്തുമാണ് പരുക്കുള്ളത്. പ്രസന്നനെയും ഗായത്രിയെയും പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.