കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ ഭാരം കയറ്റി വരുന്ന വാഹനങ്ങൾക്ക് അടവെക്കുന്ന കല്ലുകൾ വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. തണ്ണിത്തോട് ഭാഗത്ത് നിന്നും ഭാരം കയറ്റി വരുന്ന വാഹനങ്ങൾ പേരുവാലി ചേലക്കയറ്റത്തിൽ കയറ്റം കയറാതെ വരുമ്പോൾ കല്ലുകൊണ്ട് ടയറുകൾക്ക് അടവെച്ചാണ് കയറ്റം കയറി പോകുന്നത്.
എന്നാൽ അടവെക്കുന്ന കല്ലുകൾ വാഹനങ്ങൾ കയറി പോയതിന് ശേഷം റോഡിൽ നിന്നും മാറ്റാത്തതാണ് മറ്റു വാഹനങ്ങൾക്ക് ഭീഷണിയാകുന്നത്. ഇറക്കം ഉള്ള ഭാഗത്ത് വെക്കുന്ന കല്ലുകൾ വാഹനയാത്രക്കാരുടെ കണ്ണിൽ പെടാതെ അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. രാത്രികാലങ്ങളിലാണ് കൂടുതലും ഇത്തരത്തിൽ തടി ലോറികൾ ഉൾപ്പെടെ കൊണ്ടുപോകുന്നത്. രാത്രിയിൽ റോഡിൽ വെക്കുന്ന കല്ലുകൾ ഭാരം കയറ്റിയ വാഹനങ്ങൾ റോഡിൽ നിന്ന് പോയി കഴിഞ്ഞതിന് ശേഷവും മാറ്റാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. വിഷയത്തിൽ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.