ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെ നിർമ്മിക്കുന്ന സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെച്ച് രാജ്യത്തു കോവിഡ് വാക്സീൻ സൗജന്യമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 12 പ്രതിപക്ഷ കക്ഷി നേതാക്കളുടെ കത്ത്.
പ്രതിപക്ഷം മുമ്പ് നൽകിയ നിർദ്ദേശങ്ങൾ അവഗണിച്ചത് കോവിഡ് വ്യാപനം രൂക്ഷമാക്കിയതായി സോണിയ ഗാന്ധി (കോൺഗ്രസ്), മമത ബാനർജി (തൃണമൂൽ), സീതാറാം യച്ചൂരി (സിപിഎം), ശരദ് പവാർ (എൻസിപി), എച്ച്.ഡി. ദേവെഗൗഡ (ജെഡിഎസ്), ഉദ്ധവ് താക്കറെ (ശിവസേന), എം.കെ. സ്റ്റാലിൻ (ഡിഎംകെ), ഡി. രാജ (സിപിഐ), ഹേമന്ത് സോറൻ (ജെഎംഎം), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), അഖിലേഷ് യാദവ് (എസ്പി), തേജസ്വി യാദവ് (ആർജെഡി) എന്നിവർ കത്തിൽ വിമർശിച്ചു. രാഹുൽ ഗാന്ധി അടക്കം കോൺഗ്രസിലെ നേതാക്കൾ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നാരോപിച്ചു സോണിയ ഗാന്ധിക്കു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ കത്തയച്ചതിനു പിന്നാലെയാണു പ്രതിപക്ഷം ഒറ്റക്കെട്ടായി കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്.
രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യ ഗേറ്റ് വരെയുള്ള രാജ്പഥ് വിപുലപ്പെടുത്തി പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്ര സെക്രട്ടറിയറ്റും നിർമ്മിച്ചു ഭരണസിരാകേന്ദ്രം നവീകരിക്കുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. 2022 ഓഗസ്റ്റിനകം പാർലമെന്റ് മന്ദിരം പൂർത്തിയാക്കാനാണു ശ്രമം. 11 മന്ദിരങ്ങൾ അടങ്ങുന്ന സമ്പൂർണ സെൻട്രൽ വിസ്ത പദ്ധതി 2024ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 20,000 കോടി രൂപയാണു ചെലവ്