പാങ്ങോട്: തെരുവുനായയുടെ ആക്രമണത്തില്‍ ഏഴു വയസ്സുകാരിക്കും വയോധികനും പരിക്കേറ്റു. കൊച്ചാലുംമൂട് തടത്തരികത്ത് വീട്ടില്‍ ഷീബയുടെ മകള്‍ അസ്‌നമോള്‍, കൊച്ചാലുംമൂട് ചരുവിള പുത്തന്‍ വീട്ടില്‍ അബ്ദുല്‍ ഖരിം (65) എന്നിവര്‍ക്കാണ് തെരുവുനായുടെ കടിയേറ്റത്. ഉച്ചക്ക് 1.30ന് ആണ് അബ്ദുല്‍ ഖരിമിന് നേരെ നായയുടെ ആക്രമണമുണ്ടാവുന്നത്. വീട്ടിലേക്ക് പോകുമ്പോള്‍ പിന്നാലെ എത്തിയ തെരുവുനായ കടിച്ച ശേഷം ഓടി മറയുകയായിരുന്നു. അസ്‌ന മോള്‍ക്ക് ഉച്ചക്ക് രണ്ടരക്കും കടിയേറ്റു.
വീടിനു മുന്നില്‍ പച്ചക്കറി സാധനങ്ങളുമായെത്തിയ ഓട്ടോ പിക്-അപ്പില്‍നിന്നും സാധങ്ങള്‍ വാങ്ങി റോഡില്‍നിന്നും വീട്ടിലേക്ക് കടക്കുന്നതിനിടെ പാഞ്ഞെത്തിയ തെരുവുനായ കുട്ടിയെ കടിക്കുകയായിരുന്നു. രണ്ടു പേരെയും കടിച്ചത് ഒരേ നായ തന്നെയാണ്. ഇരുവരെയും കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.