ചാരുംമൂട് : ചാരുംമൂട് മേഖലയിൽ തെരുവുനായ്ക്കൂട്ടങ്ങളുടെ ശല്യം രൂക്ഷം. ചാരുംമൂട് കെഎസ്ഇബി ഓഫീസിനു സമീപം നിന്ന നാലുപേർക്കു കഴിഞ്ഞയാഴ്ച തെരുവുനായയുടെ കടിയേറ്റു. തൊട്ടടുത്ത ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയ നായ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥനെയും കടിച്ചു. ഈ നായ ഒട്ടേറെ തെരുവുനായ്ക്കളെയും വളർത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ട്. അഞ്ചുപേരെ നായ കടിച്ച സംഭവത്തെത്തുടർന്ന് താമരക്കുളം ഗ്രാമപ്പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് തെരുവുനായ്ക്കളെ പിടികൂടി പേവിഷബാധക്കെതിരേ കുത്തിവെപ്പെടുത്തു.
സ്കൂളുകളുടെ പരിസരത്തും തെരുവുനായശല്യമുണ്ട്. മൂന്നുമാസം മുൻപ് പേരൂർ കാരാൺമയിലെ സ്കൂൾ വിദ്യാർഥി പേപ്പട്ടിയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചിരുന്നു. വീടിനു സമീപത്തുകൂടിയുള്ള കെഎപി കനാൽ റോഡിൽ സൈക്കിളിൽ പോകുമ്പോൾ തെരുവുനായ കുട്ടിയെ മറിച്ചിട്ടിരുന്നു. ശരീരത്തിൽ മുറിവുകളൊന്നും ഇല്ലാത്തതിനാൽ വീട്ടിൽ പറഞ്ഞിരുന്നില്ല. ഒരുമാസം കഴിഞ്ഞപ്പോൾ പേവിഷബാധയുടെ ലക്ഷണം കാണിക്കുകയായിരുന്നു. മനഃസമാധാനത്തോടെ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാൻ കഴിയാതെ ഭയപ്പാടിലാണ് രക്ഷാകർത്താക്കൾ. ചാരുംമൂട്ടിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പും കെഎസ്ഇബി ഓഫീസിന്റെ മുറ്റവും കെഐപി ഓഫീസ് വളപ്പും നെഹ്‌റു പാർക്കും നായ്ക്കൾ കൈയടക്കിയിരിക്കുകയാണ്.