അടൂര്‍ : നഗരപ്രദേശത്ത് തെരുവുനായകളുടെ ശല്യം മൂലം യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. ഇവ മിക്കപ്പോഴും റോഡിന് കുറുകെ ചാടുന്നത് മൂലം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നുണ്ട്. പട്ടികള്‍ കുറുക്കു ചാടി ബൈക്കുകള്‍ മറിഞ്ഞ് അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. സ്‌കൂള്‍ കുട്ടികള്‍ നടന്ന് പോകുമ്പോള്‍ നായകള്‍ പിറകെ കുരച്ചുകൊണ്ട് ചാടി ചെല്ലാറുണ്ട്. കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്‍ഡിലും തെരുവു നായകള്‍ കൂട്ടത്തോടെ എത്താറുണ്ട്. മത്സ്യ മാംസാവശിഷ്‌ടങ്ങള്‍ ഭക്ഷിക്കാന്‍ ശ്രീമൂലം മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലും നായകള്‍ തമ്പടിച്ചിട്ടുണ്ട്. ജനറല്‍ ആശുപത്രി ഭാഗത്തും നായകളുടെ കൂട്ടം ഉണ്ട്.
റവന്യൂ ടവര്‍ പരിസരത്ത് നായകള്‍ കൂട്ടമായി എത്തുന്നുണ്ട്. റവന്യൂ ടവറിലെത്തുന്നവര്‍ക്ക് നായകള്‍ ഒരു പേടി സ്വപ്‌നമാണ്. വിനോബാജി റോഡിലും നായകള്‍ ഉണ്ട്. ഇവയുടെ ശല്യം കാരണം വഴി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. നഗര പ്രദേശത്തെ ചെറു റോഡുകളിലെല്ലാം നായകള്‍ തമ്പടിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗാന്ധിസ്‌മൃതി മൈതാനത്തും നായകള്‍ ഉണ്ട്. ഈ ഭാഗത്ത് ആള്‍ക്കാര്‍ ഉപേക്ഷിക്കുന്ന ആഹാര അവശിഷ്‌ടങ്ങള്‍ തിന്നാനാണ് ഇവ കൂട്ടമായി എത്തുന്നത്.