കൊച്ചി: രൂക്ഷമായ തെരുവുനായ് ശല്യം മൂലം നഗരഗ്രാമ വ്യത്യാസമില്ലാതെ വഴിനടക്കാനാകാത്ത സ്ഥിതിയിലാണ് ജനങ്ങൾ. കുട്ടികളും പ്രായമായവരും ഉൾപ്പെടെ ആക്രമണങ്ങൾക്ക് ഇരയാകുന്നു. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ എറണാകുളം ജങ്ഷൻ, ടൗൺ എന്നിവിടങ്ങളുടെ പ്ലാറ്റ്ഫോമുകൾ നായ്ക്കളുടെ വിഹാര കേന്ദ്രമായിട്ടും അധികൃതർ കണ്ണടക്കുകയാണ്. ബസ് സ്റ്റാൻഡുകളിലും യാത്രക്കാർ ഇവയുടെ ശല്യത്തിൽ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ശരാശരി 80 പേർക്കെങ്കിലും ഒരു ദിവസം കടിയേൽക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജില്ലയിൽ തെരുവുനായ് ആക്രമണത്തിൽ ചികിത്സ തേടിയത് 32,086 പേരാണ്. ഈ വർഷം ഒന്നരമാസം പിന്നിടുമ്പോൾ നൂറുകണക്കിന് ആളുകളാണ് ആക്രമണത്തിന് ഇരയായിരിക്കുന്നത്. ടൂറിസ്റ്റുകൾ ഉൾപ്പെടെ ഭീഷണി നേരിടുമ്പോൾ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.ഏതാനും ദിവസങ്ങൾക്ക് മുമ്പ്, കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ടെസ്റ്റിനെത്തിയ യുവതി, സ്കൂളിലേക്ക് പോയ വിദ്യാർഥി, ക്ഷേത്രദർശനം കഴിഞ്ഞ് പോകുകയായിരുന്ന വീട്ടമ്മ എന്നിവർ ഉൾപ്പെടെ സ്ത്രീകൾക്കും കുട്ടികൾക്കുമായി എട്ടു പേർക്കാണ് ഒരേ ദിവസം കടിയേറ്റത്. ഫോർട്ട്കൊച്ചിയിൽ ഓട്ടോറിക്ഷയിൽ വിദേശ സഞ്ചാരികളുമായെത്തിയ ഡ്രൈവർക്കും കടിയേറ്റു.
കടിയേറ്റാൽ വൈദ്യസഹായം തേടുന്നതിൽ അലംഭാവം കാണിക്കരുതെന്ന് ആരോഗ്യവിദഗ്ധർ വ്യാപകമാക്കുന്നു. കടിയേറ്റാൽ ഉടൻ ടാപ്പ് തുറന്ന് ഒഴുകുന്ന വെള്ളം ഉപയോഗിച്ച് സോപ്പിട്ട് കഴുകണം. വൈകാതെ ഡോക്ടറെ കാണുകയും വേണം. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് കൃത്യസമയങ്ങളിൽ പേവിഷബാധയിൽനിന്ന് മുക്തമാകാനുള്ള കുത്തിവെപ്പെടുക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നു. വളർത്തുനായ്ക്കൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്നു. ഉയർന്നയിനം ബ്രീഡുകളിൽപെട്ട നായ്ക്കളെ വളർത്തി അവയുടെ വാർധക്യ, അനാരോഗ്യ ഘട്ടങ്ങളെത്തുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്ന സംഭവങ്ങളും വ്യാപകമായിട്ടുണ്ട്. ഇത്തരം നായ്ക്കളും പൊതുഇടങ്ങളിൽ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വളർത്ത് നായ്ക്കൾക്ക് നിർബന്ധിത ലൈസൻസ്, വാക്സിനേഷൻ എന്നിവ കർശനമാക്കുന്നതിലൂടെയേ ഇത്തരം സമീപനങ്ങൾ ഇല്ലാതാകുകയുള്ളു. വളർത്തുനായ്ക്കളെ വാർധക്യത്തിലും അനാരോഗ്യത്തിലും തെരുവുകളിൽ ഉപേക്ഷിക്കുന്നത് തടയാൻ കോഴിക്കോട് കോർപറേഷൻ പരിധിയിൽ നടപ്പാക്കിയ ചിപ്പ് ഘടിപ്പിക്കുന്നതടക്കമുള്ള നടപടി എറണാകുളത്തും കർശനമാക്കണമെന്നാണ് ആവശ്യം. 2019ലെ ലൈവ് സ്റ്റോക് സെൻസസ് പ്രകാരം സംസ്ഥാനത്താകെ 2,89,986 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്.