പത്തനംതിട്ട : പത്തനംതിട്ടയിലെ തെരുവുനായ ശല്യത്തെക്കുറിച്ച് പത്തനംതിട്ട മീഡിയ വാര്‍ത്ത ചെയ്തതിന് നായസ്നേഹികളുടെ ഭീഷണി. ലൈവിനു താഴെ ഗ്രൂപ്പായി വന്നാണ് നായസ്നേഹികളുടെ പ്രതികരണം. വീഡിയോയില്‍ കാണുന്ന നായകള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ ലൈവ് എടുത്തയാളിനെ വെറുതെ വിടില്ലെന്നും പറയുന്നു.
ലൈവ് വീഡിയോയുടെ ലിങ്ക് നായസ്നേഹികളുടെ വാട്സാപ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്ത് എല്ലാവരും വീഡിയോയില്‍ കമന്റ് ചെയ്യുന്ന സൈബര്‍ അറ്റാക് ആണ് മാര്‍ഗ്ഗമാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. തെരുവുനായ ശല്യത്തിനെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കുവാനുള്ള സംഘടിത നീക്കമാണ് ഇതിനുപിന്നില്‍. നായയെ സ്നേഹിച്ചോളു, കൂടെ മനുഷ്യരെയും നിങ്ങള്‍ സ്നേഹിക്കണം. തെരുവുനായകള്‍ കടിച്ചുകീറുന്ന മനുഷ്യരെ കണ്ടില്ലെന്നു നടിക്കുന്ന നിങ്ങളുടെ നടപടിയെ ജനങ്ങള്‍ അംഗീകരിക്കില്ല. ഭീഷണിയുടെ മുമ്പില്‍ പത്തനംതിട്ട മീഡിയ മുട്ടുമടക്കില്ലെന്നും ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ അംഗീകരിക്കും, എന്നാല്‍ സൈബര്‍ അറ്റാക്കിലൂടെ വാര്‍ത്തയെ ഇല്ലായ്മ ചെയ്യുവാനാണ് തെരുനായ സ്നേഹികളുടെ ശ്രമമെങ്കില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.
നായയെ മാത്രമല്ല, സകല ജീവജാലങ്ങളെയും സ്നേഹിക്കണം, എന്നാല്‍ ആദ്യം മനുഷ്യനെ സ്നേഹിക്കണം. ജന്മം നല്‍കിയ മാതാപിതാക്കളും മനുഷ്യരാണ് എന്നത് മറക്കരുത്. പത്തനംതിട്ട നഗരത്തില്‍ മാലിന്യം വലിച്ചെറിയുന്നതിനാല്‍ തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ജൂണ്‍ 29 ന് ഒരുദിവസം നായയുടെ ആക്രമണത്തിന് ഇരയായത് 29 പേരാണ്. തൊട്ടുമുമ്പായി ഒരു വയോധികന്റെ കാലും കടിച്ചുകീറി. എല്ലാവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കേരളത്തിലെ മിക്ക ജില്ലകളിലും തെരുവുനായ ശല്യം രൂക്ഷമാണ്. നായകള്‍ പെറ്റുപെരുകുന്നത് തടയാന്‍ വന്ധ്യംകരണം മാത്രമാണ് പോംവഴി. മിക്ക നഗരസഭകളും പഞ്ചായത്തും ഈ മാര്‍ഗ്ഗം അവലംബിക്കുന്നുണ്ട്. എന്നാല്‍ നായശല്യം രൂക്ഷമാകുമ്പോള്‍ മാത്രമാണ് ഇത്തരം നടപടി. നായകള്‍ക്കെതിരെയുള്ള ക്രൂരതയും കേരളത്തില്‍ അരങ്ങേറുന്നുണ്ട് എന്നതും സത്യമാണ്.