മല്ലപ്പള്ളി : കോട്ടങ്ങൽ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ ആശ്രയിക്കുന്ന ചുങ്കപ്പാറ -ഊന്നുകല്ല് -പുല്ലാന്നിപ്പാറ, ചുങ്കപ്പാറ -ആലപ്രക്കാട് റോഡുകളിൽ വഴി വിളക്കു സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. മാർക്കറ്റ് കവല മുതൽ അര കിലോമീറ്റർ ഭാഗം വഴി വിളക്ക് സ്ഥാപിച്ചെങ്കിലും ബാക്കി ഭാഗങ്ങളിൽ വഴി വിളക്ക് സ്ഥാപിക്കാൻ വേണ്ട ഒരു നടപടി ഉണ്ടായിട്ടില്ല.
പഞ്ചായത്തിലെ എട്ടാം വാർഡിലെ പ്രധാന റോഡുകളാണിവ. മറ്റ് ഗ്രാമീണ റോഡുകളിൽ പോലും വഴി വിളക്കുകൾ സ്ഥാപിക്കുന്നുണ്ടെങ്കിലും പ്രദേശത്തെ അവഗണിക്കുകയാണെന്ന പരാതിയും ഉയരുന്നുണ്ട്. സന്ധ്യ കഴിഞ്ഞാൽ ഇഴജന്തുക്കളുടെയും മറ്റും ശല്യമാണ്. വഴി വിളക്ക് സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.