തിരുവനന്തപുരം : തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ മാർക്കറ്റുകളിലും മാളുകളിലും ഇന്ന് മുതൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്തും. തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരും. ആള്‍ തിരക്ക് ഏറെയുള്ള ചാല, പാളയം തുടങ്ങിയ പ്രധാന മാർക്കറ്റുകളിൽ കടകൾ തുറക്കാൻ പ്രത്യേക ക്രമീകരണം.
തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ പച്ചക്കറി, പഴം തുടങ്ങിയ കടകള്‍ പ്രവര്‍ത്തിക്കും. മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറക്കുന്നത് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും. പലചരക്ക് കടകളും മറ്റ് കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും. അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ കരിക്കകം, കടകംപള്ളി വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. ഇതിനിടെ കട്ടാക്കടയിലെ 10 വാർഡുകളെ കണ്ടെയ്മെമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. 3, 5, 7, 8, 16, 17, 18, 19, 20, 21, വാർഡുകളാണ് ഒഴിവാക്കിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രികളിലെ സുരക്ഷാജീവനക്കാരുടെ കാര്യത്തിൽ ആശങ്കയേറുകയാണ്. കോവിഡ് രോഗികളടക്കം ദിവസവും നിരവധി പേരെത്തുന്ന ആശുപത്രികളിൽ തിരക്ക് നിയന്ത്രിക്കുന്ന ഇവർക്കുള്ളത് പരിമിതമായ സുരക്ഷാ സംവിധാനങ്ങളാണ്. കണ്ടെയിന്‍മെന്റ് സോണിൽ നിന്ന് വരുന്നവരടക്കം അപകട സാധ്യത കൂടിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന സുരക്ഷാ ജീവനക്കാർക്ക് ചിലർക്ക് മുഖം മറയുന്ന സുരക്ഷാ ഷീൽഡുണ്ട്. എന്നാൽ ചിലർക്ക് ഇല്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായി സുരക്ഷാ ജീവനക്കാരിൽ ചിലർക്ക് എൻ 95 മാസ്ക്ക് നൽകിയിട്ടുണ്ട്. എന്നാൽ ബാക്കിയുള്ളവർക്ക് തുണി മാസ്കോ മറ്റ് മാസ്കുകളോ ആണ് ആശ്രയം.
കൊവിഡ് ഡ്യൂട്ടിയിലുള്ളവർക്ക് സുരക്ഷാകിറ്റുണ്ട്. എന്നാൽ ജനറൽ ആശുപത്രിയിലടക്കം മറ്റ് രോഗവുമായെത്തിയവർ കൊവിഡ് പോസീറ്റിവായ അനുഭവം ഉണ്ടെന്നിരിക്കെ എല്ലാവരുടെയും സുരക്ഷ ഒരുപോലെ വർധിപ്പിക്കണമെന്നാണ് പൊതുആവശ്യം. ഒപ്പം ആശുപത്രികളിലെത്തുന്നവരുടെ ജാഗ്രതയില്ലായ്മയും ഇവരെ ഭയപ്പെടുത്തുന്നു.