തിരുവനന്തപുരം : കോര്‍പ്പറേറ്റ് ബിസിനസ്സ് ഓഫീസും ഏഴ് മേഖലാ ഓഫീസുകളുമുള്‍പ്പെടെ സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരുന്ന കേരള ബാങ്കിന് ഘടനയായി. കൊച്ചിയിലെ കോര്‍പ്പറേറ്റ് ബിസിനസ്സ് ഓഫീസും ഏഴ് മേഖലാ ഓഫീസുകളും ജൂണ്‍ ഒന്നിന് നിലവില്‍ വരും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് മേഖലാ ഓഫീസുകള്‍. മേഖലാ ഓഫീസ് ഇല്ലാത്ത ജില്ലകളില്‍ ജില്ലാ ഓഫീസുമുണ്ടാകും. ഓരോ ഓഫീസിലും ആവശ്യമായ തസ്തികകള്‍, വകുപ്പുകള്‍, ഉദ്യോഗസ്ഥരുടെ ചുമതലകള്‍ എന്നിവയെല്ലാം തീരുമാനമായി. തസ്തികകളും ജീവനക്കാരുടെ വിന്യാസവുമുള്‍പ്പെടെ ഉള്‍പ്പെടുത്തി ഇടക്കാല ഭരണസമിതി സമര്‍പ്പിച്ച കരട് നിര്‍ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.
ഡയറക്ടര്‍ ബോര്‍ഡിന് കീഴില്‍ മാനേജിംഗ് ഡയറക്ടര്‍/ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ തസ്തികയും തൊട്ടു താഴെ ചീഫ് ജനറല്‍ മാനേജരുമുണ്ട്. തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി ആറ് ജനറല്‍ മാനേജര്‍മാരുണ്ടാകും. ഇതിനു പുറമേ മേഖലാ ഓഫീസുകളിലും കോര്‍പ്പറേറ്റ് ഓഫീസിലും ജനറല്‍ മാനേജര്‍മാരാണ് തലപ്പത്ത്. രണ്ട് ജില്ലകള്‍ക്കായാണ് ഒരു മേഖലാ ഓഫീസ് പ്രവര്‍ത്തിക്കുക. നവംബര്‍ 29 നാണ് ബാങ്ക് നിലവില്‍വന്നത്. അന്നു മുതല്‍ ഇടക്കാല ഭരണ സമിതിയാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്റെ ഘടനയും ജീവനക്കാരുടെ വിന്യാസവും സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചതും ഈ സമിതിയാണ്. സംസ്ഥാന സഹകരണ ബാങ്കിന്റെ കെട്ടിടത്തില്‍ ആസ്ഥാന ഓഫീസ് പ്രവര്‍ത്തിച്ചു തുടങ്ങി. സോഫ്‌റ്റ്‌വെയര്‍ ഏകീകരണത്തിനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതുകൂടി സജ്ജമാകുന്നതോടെ മറ്റ് പൊതുമേഖലാ ബാങ്കുകളുടേതു പോലെ ഏത് ബ്രാഞ്ചില്‍ നിന്നും ഇടപാടുകാര്‍ക്ക് സേവനങ്ങള്‍ ലഭ്യമാകും