കോന്നി : ഗതാഗത ഉപദേശക സമിതി യോഗങ്ങൾ ചേർന്ന് തീരുമാനങ്ങൾ എടുക്കുന്നുണ്ടെങ്കിലും കോന്നി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമുണ്ടാകുന്നില്ല. ശബരിമല മണ്ഡല കാലം ആരംഭിച്ചത് മുതൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കാണ് കോന്നി നഗരത്തിൽ അനുഭവപ്പെടുന്നത്. മുൻപ് അര മണിക്കൂർ പോലും നീളാത്ത കുരുക്ക് ഇപ്പോൾ മണിക്കൂറുകൾ ആണ് നീളുന്നത്. കോന്നിയിലെ പ്രധാനപ്പെട്ട നാല് റോഡുകൾ കൂടി ചേരുന്നതാണ് കോന്നി സെൻട്രൽ ജംഗ്ഷൻ. കോന്നി സെൻട്രൽ ജംഗ്ഷനിൽ നിന്നും നാല് ഭാഗത്തേക്ക് ഉള്ള റോഡിലെ നിശ്ചിത ദൂര പരിധിയിൽ നിന്നും വാഹനങ്ങൾ റോഡരുകിൽ പാർക്ക് ചെയ്യരുത് എന്ന് കോന്നിയിൽ ചേർന്ന ഗതാഗത ഉപദേശക സമിതി യോഗം തീരുമാനം എടുത്തിരുന്നു. എന്നാൽ ഈ തീരുമാനം കടലാസിൽ മാത്രമായി ഒതുങ്ങി പോയി. കോന്നിയിൽ അനധികൃത പാർക്കിങ്ങും അലക്ഷ്യമായി വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നതും ചരക്ക് ലോറികൾ റോഡിൽ നിർത്തിയിട്ട് സാധനങ്ങൾ കയറ്റി ഇറക്കുന്നതും എല്ലാം തന്നെ ഗതാഗത കുരുക്ക് വർധിപ്പിക്കുന്നുണ്ട്.
കോന്നി ട്രാഫിക് ജംഗ്ഷനിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പോലീസിനെയും ഹോം ഗാർഡിനെയും നിയോഗിച്ചിട്ടുണ്ട് എങ്കിലും മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിന് പരിഹാരമാകുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ കോന്നിയിൽ നീണ്ട വാഹന നിര മാരൂർപാലം മുതൽ മാമൂട് വരെ നീണ്ടു. മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിൽ ആംബുലൻസ്, ഫയർ ഫോഴ്സ് പോലെയുള്ള അത്യാവശ്യ സർവീസുകളും പെട്ടുപോയിരുന്നു. ഇതര സംസ്ഥാന അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ പലപ്പോഴും നിയമ ലംഘനം നടത്തി റോഡിലൂടെ പായുന്നതും ഗതാഗത കുരുക്കും അപകടങ്ങളും വർധിപ്പിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും ആണ് ഏറ്റവും കൂടുതൽ ഗതാഗതകുരുക്ക് മുറുകുന്നത്. ഈ സമയങ്ങളിൽ അവശ്യത്തിന് ഉദ്യോഗസ്ഥരും പലപ്പോഴും തിരക്ക് നിയന്ത്രിക്കുവാൻ ഉണ്ടാകാറില്ല. ഗതാഗത തിരക്ക് വർധിക്കുന്തോറും അപകട സാധ്യതയും വർധിക്കുന്നുണ്ട്. സംസ്ഥാന പാതയിൽ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം നിറവധി വാഹനാപകടങ്ങൾ ആണ് ഉണ്ടാകുന്നത്.