ഷിംല: നേപ്പാളിലെ ഉയരമേറിയ പർവതങ്ങളിലൊന്നായ അന്നപൂർണ കൊടുമുടിയിൽ നിന്നും കാണാതായ ഇന്ത്യൻ പർവതാരോഹക ബൽജീത് കൗറിനെ (28) കണ്ടെത്തി. ഒരു ദിവസം നീണ്ട് നിന്ന തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. നേപ്പാളി സ്വദേശികളായ രണ്ട് സഹയാത്രികർക്കൊപ്പം തിങ്കളാഴ്ചയാണ് ബൽജീത് യാത്ര തിരിച്ചത്. തിങ്കളാഴ്ച രാത്രി പർവതത്തിലെ നാലാമത്തെ ക്യാമ്പ് ഇറങ്ങുന്നതിനിടെയാണ് ബൽജിതിനെ കാണാതാകുകയായിരുന്നു. ബൽജീതുമായുള്ള റേഡിയോ ബന്ധവും നഷ്ടമായി. ഏറെ നേരത്തിന് ശേഷം തന്നെ രക്ഷപ്പെടുത്തണമെന്ന് അറിയിച്ചുകൊണ്ടുള്ള ബൽജീതിന്റെ സന്ദേശം ബേസ് ക്യാമ്പിന് ലഭിച്ചു.
തുടർന്ന് മൂന്ന് ഹെലികോപ്റ്ററുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ ബൽജീത് കൗറിനെ രക്ഷപ്പെടുത്തുകയായിരുന്നു. ബൽജീതിനെ ഉടൻ തന്നെ അന്നപൂർണ ബേസ് ക്യാമ്പിൽ എത്തിച്ചു. തുടർന്ന്, വൈദ്യപരിശോധനയ്‌ക്കായി കാഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.ഒരു മാസത്തിനുള്ളിൽ 8,000 മീറ്റർ ഉയരമുള്ള നാല് കൊടുമുടികളും കീഴടക്കിയ ആദ്യ ഇന്ത്യക്കാരിയാണ് ബൽജീത് കൗർ. കഴിഞ്ഞ മേയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നാലാമത്തെ കൊടുമുടിയായ ‘ലോട്സെ’ കീഴടക്കിയിരുന്നു.