കോട്ടയം : എംജി സര്‍വകലാശാലയില്‍ സമരം തുടരുമെന്ന് ഗവേഷക വിദ്യാര്‍ത്ഥിനി. വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതില്‍ സന്തോഷമുണ്ട്. അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല. വിഷയത്തില്‍ ഉറപ്പല്ല നടപടിയാണ് വേണ്ടതെന്നും പരാതിക്കാരി പ്രതികരിച്ചു. സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതി എത്രയും പെട്ടന്ന് എംജി സര്‍വകലാശാല തീര്‍പ്പാക്കണമെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍ദേശിച്ചിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായതുകൊണ്ടാണ് വിദ്യാര്‍ത്ഥിനിയെ നേരിട്ടെത്തി കാണാത്തതെന്ന് പറഞ്ഞ മന്ത്രി, ആരോപണ വിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും വ്യക്തമാക്കി.
അധ്യാപകനെ മാറ്റാനുള്ള സാങ്കേതിക തടസം എന്താണെന്നും മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. ലൈംഗിക അതിക്രമം സംബന്ധിച്ച പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണം എംജി സര്‍വകലാശാല വൈസ് ചന്‍സലര്‍ തള്ളിയിരുന്നു. ലൈംഗിക അതിക്രമം സംബന്ധിച്ച് വാക്കാല്‍ പോലും പരാതി ലഭിച്ചിട്ടില്ലെന്നും വി.സി ഡോ.സാബു തോമസ് പറഞ്ഞു. വിദ്യാര്‍ത്ഥിനിക്ക് ഗവേഷണം തുടരാം. മേല്‍നോട്ടം വഹിക്കുകയും ചെയ്യാം. വിദ്യാര്‍ത്ഥിനി ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളാണെന്ന നിലപാടിലാണ് വി.സി.