വിളപ്പിൽശാല : ഉടമകളറിയാതെ പണം വാങ്ങി റബ്ബർ മരം വിറ്റ കേസിൽ പ്രതിയെ വിളപ്പിൽശാല പോലീസ് പിടികൂടി. നെടുമങ്ങാട് വെള്ളാംകുടി സി.സി.ഹൗസിൽ എസ്.നൗഷാദ്(44) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് മാസം ഇയാൾ റബ്ബർ പുരയിടം തന്റെതെന്ന് വിശ്വസിപ്പിച്ച് അതിലെ റബ്ബർ മരങ്ങൾ അരുവിക്കര മൈലം സ്കൂളിനു സമീപം കിഴക്കേക്കര തടത്തരികത്തുവീട്ടിൽ എം.ടൈറ്റസിനു 1,60000-രൂപയ്ക്ക് വിറ്റിരുന്നു.
തുടർന്ന് ടൈറ്റസ് മരങ്ങൾ മുറിച്ചു മാറ്റുന്നതു കണ്ടതോടെ സമീപവാസി സ്ഥലത്തിന്റെ ഉടമസ്ഥരെ വിവരമറിയിച്ചപ്പോഴാണ് മരം വാങ്ങിയ ടൈറ്റസ് യഥാർത്ഥ ഉടമസ്ഥരെക്കുറിച്ചറിയുന്നത്. തുടർന്ന് വിളപ്പിൽശാല പോലീസിനു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നൗഷാദിനെതിരെ വഞ്ചനാക്കുറ്റത്തിനു പോലീസ് കേസെടുത്തു. വിവിധ തട്ടിപ്പു കേസുകളിൽ പ്രതിയാണിയാളെന്നും പോലീസ് പറഞ്ഞു.