മൂലമറ്റം : ബസിൽ സീറ്റിങ് യാത്രക്കാരെ മാത്രമെ കൊണ്ടുപോവുകയുള്ളു എന്ന ബസ് ജീവനക്കാരുടെ നിലപാടിൽ പ്രതിഷേധിച്ച് സ്‌കൂൾ അധ്യാപകൻ സ്വകാര്യ ബസ് തടഞ്ഞതായി പരാതി. ഇന്നലെ രാവിലെ 11.30 നാണ് സംഭവം. പരീക്ഷ കഴിഞ്ഞ് മടങ്ങാനായി 150 ലേറെ വിദ്യാർഥികൾ അറക്കുളം സെന്റ് മേരീസ് സ്‌കൂളിനു മുൻവശത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ വിദ്യാർഥികളെ നിന്നു യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ഒഴിവുള്ള സീറ്റുകൾ മാത്രമെ അനുവദിക്കുകയുള്ളു എന്നും ബസ് ജീവനക്കാർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് സ്‌കൂളിലെ അധ്യാപകൻ ബസ് തടഞ്ഞു.
സംഭവം അറിഞ്ഞ് കാഞ്ഞാറിൽ നിന്നു പോലീസ് എത്തിയെങ്കിലും നിന്നു യാത്രചെയ്യാൻ അനുവദിക്കാനാകില്ലെന്നു പോലീസും പറഞ്ഞു. ബസ് സർവീസ് മുടങ്ങിയതിനാൽ 3000 രൂപയുടെ നഷ്ടമുണ്ടെന്നും നഷ്ടപരിഹാരം വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമ കാഞ്ഞാർ പോലീസിൽ പരാതി നൽകി.