കോന്നി : അനുഭവ സമ്പന്നമായ ഓര്‍മ്മകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുവാന്‍ നമുക്ക് കഴിയണമെന്നും അത് വിദ്യാര്‍ത്ഥികളെ കരുത്തുറ്റവരാക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോന്നി ഗവണ്‍മെന്റ് എല്‍.പി സ്കൂളില്‍ പ്രവേശനോത്സവം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. കുരുന്നുകളുടെ ജീവിതത്തിലെ പ്രധാന ദിവസമാണ് പ്രവേശനോത്സവദിനം. ഞാന്‍ പഠിക്കുന്ന കാലഘട്ടത്തില്‍ ഇവയൊന്നും ഇല്ലായിരുന്നു. തോരാതെ പെയ്ത മഴയിലും ജില്ലയിലെ എല്ലാ സ്കൂളുകളിലും കുട്ടികളെ മികച്ച നിലയില്‍ വരവേറ്റു. ഇനിയും ഒട്ടേറേ സ്ഥലങ്ങളില്‍ മികച്ച വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ നമുക്ക് കഴിയണം.
എത്ര നല്ല സ്കൂള്‍ കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും അതിനുള്ളില്‍ നാം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന നല്ല ഓര്‍മ്മകളും അനുഭവങ്ങളുമാണ് വലിയ കാര്യം. ഏകദേശം 590 ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടികള്‍ സ്കൂളിലേക്ക് നേരിട്ട് എത്തുന്നത്. ഏറ്റവും സൂഷ്മമായ രീതിയില്‍ കുട്ടികളെ മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് സാധിക്കണം. എത്രമാത്രം ആസ്വദിച്ചാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അവരുടെ ഭാവി നിശ്ചയിക്കുന്നതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ പി.റ്റി.എ പ്രസിഡന്റ് പേരൂര്‍ സുനില്‍ അദ്ധ്യക്ഷത വഹിച്ചു. നാരീശക്തി പുരസ്കാര ജേതാവ് ഡോ.എം.എസ് സുനില്‍, വിദ്യാഭ്യാസ ഡയറക്ടര്‍ ബീനാ റാണി, പൊതുവിദ്യാഭ്യാസ കോര്‍ഡിനേറ്റര്‍ രാജേഷ് എസ്.ആര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കുഞ്ഞുമൊയ്ദീന്‍, എസ്.എസ്.എ പ്രോജക്ട് ഓഫീസര്‍ ജയലക്ഷ്മി, പി.റ്റി.എ വൈസ് പ്രസിഡന്റ് വിനോദ് ഇളകൊള്ളൂര്‍, ബി റഹീം തുടങ്ങിയവര്‍ സംസാരിച്ചു.