ദില്ലി : ആദ്യ ഡോസ് ഓക്സ്ഫഡ്-ആസ്ട്രസെനക വാക്‌സിന്‍ എടുത്ത ശേഷം രണ്ടാമത്തെ ഡോസായി എംആര്‍എന്‍എ അധിഷ്ഠിത വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ട് ആസ്ട്രസെനക വാക്‌സിന്‍ ഡോസുകള്‍ എടുത്തവരേക്കാൾ അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് സ്വീഡനില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി.
സുരക്ഷ പ്രശ്നങ്ങള്‍ മൂലം സ്വീഡനില്‍ 65 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആസ്ട്രസെനകയുടെ വെക്ടര്‍ അധിഷ്ഠിത വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. ആദ്യ ഡോസായി ആസ്ട്രസെനക വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാമത് ഡോസായി എംആര്‍എന്‍എ വാക്‌സിന്‍ എടുക്കാമെന്ന് ഗവണ്‍മെന്‍റ് ശുപാര്‍ശ ചെയ്തു.
ഇതിന്‍റെ വെളിച്ചത്തില്‍ സ്വീഡനിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെയും നാഷണല്‍ ബോര്‍ഡ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയറിന്‍റെയും സ്റ്റാറ്റിസ്റ്റിക്സ് സ്വീഡന്‍റെയും ഡേറ്റ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. ഏഴ് ലക്ഷത്തോളം പേരുടെ വാക്സിനേഷന്‍ വിവരങ്ങളും രോഗസാധ്യതയും പരിശോധനയ്ക്ക് വിധേയമാക്കി.
ആസ്ട്രസെനക- ഫൈസര്‍ വാക്സീന്‍ കോംബിനേഷന്‍ രണ്ട് ഡോസുകളായി എടുത്തവര്‍ക്ക് വാക്സീന്‍ എടുക്കാത്തവരെ അപേക്ഷിച്ച് അണുബാധയ്ക്കുള്ള സാധ്യത 67 ശതമാനം കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ആസ്ട്രസെനക- മൊഡേണ വാക്സീന്‍ കോംബിനേഷന്‍ എടുത്തവര്‍ക്ക് ഇത് 79 ശതമാനം കുറവാണ്.
രണ്ട് ഡോസും ആസ്ട്രസെനക വാക്സീന്‍ എടുത്തവര്‍ക്ക് രോഗം വരാനുള്ള സാധ്യത എടുക്കാത്തവരെ അപേക്ഷിച്ച് 50 ശതമാനമാണ് കുറവ്. ഡെല്‍റ്റ വകഭേദത്തിനെതിരെയും ഈ വാക്‌സിന്‍ ഇടകലര്‍ത്തല്‍ ഫലപ്രദമാണെന്ന് ലാന്‍സെറ്റ് റീജണല്‍ ഹെല്‍ത്ത്-യൂറോപ്പ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വാക്‌സിന്‍ ഒന്നും എടുക്കാതിരിക്കുന്നതിനേക്കാൾ എന്തു കൊണ്ടും നല്ലതാണ് വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടതാണെങ്കില്‍ കൂടി രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുന്നതെന്ന് സ്വീഡന്‍ ഉമിയ സര്‍വകലാശാലയിലെ പീറ്റര്‍ നോര്‍ഡ്സ്റ്റോം പറയുന്നു. ഈ ഗവേഷണ ഫലം വിവിധ രാജ്യങ്ങളിലെ വാക്സീന്‍ നയത്തില്‍ പ്രതിഫലനങ്ങളുണ്ടാക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മാര്‍സെല്‍ ബാലിനും പറഞ്ഞു.