പത്തനംതിട്ട : ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്. നായറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ഇടുക്കി ജില്ലയില്‍ നിന്നും ശബരിമലയിലേക്കുള്ള കാനനപാതയുടെ സുരക്ഷാ സംവിധാനങ്ങള്‍ കാല്‍നടയായി വന്ന് വിലയിരുത്തി. ഇടുക്കി വണ്ടിപ്പെരിയാറിലെ സത്രത്തില്‍ നിന്നും ഉപ്പുതറ പുല്ലുമേട് വഴി ശബരിമല സന്നിധാനത്തെത്തുന്ന 16 കിലോമീറ്റര്‍ കാനനപാതയിലൂടെ ഇടുക്കി സബ് കളക്ടറും പീരുമേട് തഹസില്‍ദാര്‍ അജിത്ത് ജോയിയും പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് സുരക്ഷാ വിലയിരുത്തല്‍ നടത്തിയത്. ഉദ്യോഗസ്ഥ സംഘം ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടവും സന്ദര്‍ശിച്ചു.
2018 ലെ വെള്ളപ്പൊക്കത്തിന് ശേഷം ഈ വര്‍ഷമാണ് ഇടുക്കിയില്‍ നിന്നും കാനനപാതയിലൂടെ തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. രാവിലെ 7 മുതല്‍ 2.30 വരെ വണ്ടിപ്പെരിയാറിലെ സത്രം ചെക്ക് പോസ്റ്റില്‍ നിന്നും വനം വകുപ്പിന്റെയും പോലീസിന്റെയും പരിശോധനകള്‍ക്ക് ശേഷമാണ് കാനന പാതയിലേക്ക് ഭക്തരെ കടത്തിവിടുക. സത്രം, സന്നിധാനത്തിന് സമീപത്തെ ചെക്ക് പോസ്റ്റ് എന്നിവ കൂടാതെ കാനനപാതയിലെ ആറ് പോയിന്റുകളിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ട്.
മൂന്ന് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഇക്കോ ഗാര്‍ഡുകളും തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ പ്രവര്‍ത്തിക്കുന്നു. വഴിയില്‍ ഭക്തര്‍ക്ക് ആവശ്യമുള്ള വെള്ളവും ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരുക്കിയിട്ടുണ്ട്. ഉപ്പുതറ പുല്ലുമേട്ടില്‍ അത്യാവശ്യം സൗകര്യങ്ങളോടു കൂടിയ കടയും എമര്‍ജന്‍സി മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സത്രം വരെ വാഹനങ്ങളില്‍ എത്താം.