പയ്യനാമൺ: എൽ. ഡി.എഫ് സർക്കാർ കേരളത്തെ മറ്റ് സംസ്ഥാനങ്ങളെക്കാൾ മുൻ നിരയിലെത്തിച്ചതായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. എൽ. ഡി. എഫ് സ്ഥാനാർത്ഥി കെ.യു. ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പയ്യനാമണ്ണിൽ ചേർന്ന പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്ത് എറ്റവും കൂടിയ ക്ഷേമപെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളം. മറ്റ് ഒരു സംസ്ഥാനത്തും 500 രൂപയിൽ കൂടുതൽ ക്ഷേമപെൻഷൻ നൽകുന്നില്ല. പ്രളയസമയത്തും കോവിഡ് കാലഘട്ടത്തിലും സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിച്ചു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മൂന്ന് തരം ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് എൽ.ഡി.എഫ് സർക്കാർ പതിനാല് ഇനം ഭക്ഷ്യധാന്യങ്ങളടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കുടുബശ്രീ പ്രവർത്തകരായ വനിതകൾക്കും മെച്ചപ്പെട്ട വേതനം നൽകുന്ന സംസ്ഥാനം കൂടിയാണ് കേരളം. ഉത്തർപ്രദേശിലും, മറ്റ് സംസ്ഥാനങ്ങളിലും, പാവപ്പെട്ടവരും, സ്ത്രീകളും, മതന്യൂനപക്ഷങ്ങളും പീഡനത്തിന് ഇരയാകുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അവിടുത്തെ സർക്കാരുകൾ തയ്യാറാകുന്നില്ലന്നും സുഭാഷിണി അലി പറഞ്ഞു.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എ. ദീപകുമാർ അധ്യക്ഷത വഹിച്ചു. പി.ജെ.അജയ കുമാർ, ശ്യാംലാൽ, ജിജോ മോഡി, ആർ.ഗോവിന്ദ്, എം.എസ്.ഗോപിനാഥൻ നായർ, കെ.കെ. വിജയൻ, ടി.രാജേഷ് കുമാർ, തുളസി മണിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.