ആലപ്പുഴ: കലവൂരിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലപ്പെട്ട സുഭദ്രയെ ബോധംകെടുത്തുന്നതിനായി മയക്കുമരുന്ന് വാങ്ങിനൽകിയ റെയിനോൾഡ് എന്നയാളാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതികളായ ആലപ്പുഴ കാട്ടൂർ സ്വദേശി മാത്യൂസ് (നിധിൻ), ഭാര്യ കർണാടക ഉഡുപ്പി സ്വദേശിനി ശർമിള എന്നിവരെ മണിപ്പാൽ പെറംപള്ളിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്ത് പിടിയിലായത്. കുഴിവെട്ടിയയാൾക്ക് കേസിൽ പങ്കുണ്ടോയെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരുകയാണെന്നാണ് വിവരം. സുഭദ്രയെ മരുന്ന് നൽകി മയക്കി സ്വർണം കൈക്കലാക്കിയെന്നും ഉണർന്നപ്പോൾ സുഭദ്ര ബഹളംവെച്ചതോടെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പ്രതികൾ പോലീസിൽ മൊഴി നൽകിയിട്ടുള്ളത്.
ഓണാവധിക്ക് ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസ് നീക്കം. എറണാകുളത്തുനിന്ന് ഒരുമാസം മുൻപു കാണാതായ 73 കാരിയായ സുഭദ്രയാണ് കൊല്ലപ്പെട്ടത്. മൃതദേഹം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഒളിൽവിൽപ്പോയ പ്രതികളെപ്പറ്റി പോലീസിനു സൂചന ലഭിച്ചിരുന്നു. ഫോൺ ലൊക്കേഷനടക്കം പരിശോധിച്ച് ഉഡുപ്പിയിൽനിന്ന് എട്ടു കിലോമീറ്റർ അകലെയുള്ള മണിപ്പാലിലെ ശർമിളയുടെ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.