പാലക്കാട് : സംസ്ഥാനത്ത് 20 രൂപയ്ക്ക് ഉച്ചയൂണ്‍ നല്‍കുന്നതിനായി തുറന്ന സുഭിക്ഷാ ഹോട്ടലുകള്‍ക്ക് സബ്‌സിഡിയിനത്തില്‍ നല്‍കുന്ന തുക നിര്‍ത്തലാക്കുന്നു. ഊണിന് 25 രൂപ കണക്കാക്കി അഞ്ചുരൂപവീതം സുഭിക്ഷഫണ്ടില്‍നിന്ന് നല്‍കുന്ന രീതിയാണ് അവസാനിപ്പിച്ചത്. സബ്‌സിഡി സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് പൊതുവിതരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും 20 രൂപയ്ക്ക് ഊണ്‍ നല്‍കുന്ന സുഭിക്ഷ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ഈ ഹോട്ടലുകളില്‍ ആവശ്യമുള്ളവയ്‌ക്ക് പൊതുവിതരണ ഡയറക്ടര്‍ പുറത്തിറക്കിയ മാനദണ്ഡപ്രകാരം അരിക്കും പലവ്യജ്ഞനങ്ങള്‍ക്കുമായാണ് സബ്‌സിഡി അനുവദിച്ചിരുന്നത്. സപ്ലൈകോയ്ക്ക് കീഴിലുള്ള റേഷന്‍കടകളില്‍നിന്നും ന്യായവില ഷോപ്പുകളില്‍നിന്നും നിലവില്‍ കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ അരി ഹോട്ടലുകള്‍ക്ക് നല്‍കിവരുന്നുണ്ട്. ഈ അരിവിതരണം തുടരാനും തീരുമാനിച്ചിട്ടുണ്ട്. വിശപ്പുരഹിത കേരളം എന്ന പേരില്‍ 2018-ല്‍ ആലപ്പുഴജില്ലയില്‍ തുടക്കമിട്ട 20 രൂപയ്ക്ക് ഊണ്‍ പദ്ധതി പിന്നീട് സംസ്ഥാനവ്യാപകമാക്കുകയായിരുന്നു. ഫണ്ട് വകയിരുത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും അനുമതിയുണ്ട്. കുടുംബശ്രീ യൂണിറ്റുകളും സ്വയംസഹായ സംഘങ്ങളുമാണ് ഹോട്ടല്‍ നടത്തുന്നവരിലേറെയും. ജില്ലാ കളക്ടര്‍മാര്‍ നേതൃത്വംനല്‍കുന്ന സമിതിയാണ് മാര്‍ഗനിര്‍ദേശം നല്‍കുന്നത്.