തൃശൂര്‍ : ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 1 മുതല്‍ 31 വരെ നടത്തിവന്നിരുന്ന ശുചിത്വഭാരതം പരിപാടിക്ക് സമാപനം. അയ്യന്തോള്‍ ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന പരിപാടി ടി.എന്‍ പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. യുവതയുടെ പങ്കാളിത്തത്തോടെ രാജ്യം വലിയൊരു ദൗത്യം ഏറ്റെടുക്കുകയാണെന്ന് എംപി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മാലിന്യ നിര്‍മാര്‍ജനം ഒരു വെല്ലുവിളിയായി നിലനില്‍ക്കുന്നു.
വ്യക്തി ശുചിത്വത്തിനൊപ്പം തന്നെ സാമൂഹിക ശുചിത്വവും നാം ഏറ്റെടുക്കേണ്ടതുണ്ടെന്നും എംപി കൂട്ടിചേര്‍ത്തു. ചടങ്ങില്‍ പി.ബാലചന്ദ്രന്‍ എംഎല്‍എ ദേശീയ ഏകതാ പ്രതിജ്ഞ ചൊല്ലി. പ്രകൃതിയെ സ്നേഹിക്കുക, പരിപാലിക്കുക എന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തില്‍ ഉള്‍പ്പെടേണ്ട വിഷയങ്ങളാണെന്ന് എംഎല്‍എ പറഞ്ഞു. വരും തലമുറയ്ക്ക് കൂടുതല്‍ പരിക്കുകളില്ലാതെ പ്രകൃതിയെ കൈമാറേണ്ടതുണ്ട്. അതിനായി യുവജനങ്ങളുടെ സജീവമായ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ടെന്നും എംഎല്‍എ പറഞ്ഞു. നെഹ്റു യുവ കേന്ദ്രയുടെ സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ് 2019 സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ എംസിസി മനക്കൊടി ക്ലബിന് എംഎല്‍എ സര്‍ട്ടിഫിക്കറ്റ് കൈമാറി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീന പറയങ്ങാട്ടില്‍ അധ്യക്ഷയായ ചടങ്ങില്‍ നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മാലിന്യ നിര്‍മാര്‍ജനം ദൈനംദിന പ്രവര്‍ത്തനമായി മാറേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അദ്ദേഹം പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പരിപാടിയില്‍ നെഹ്റു യുവകേന്ദ്ര ആന്‍ഡ് നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയര്‍മാര്‍ പങ്കെടുത്തു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍, ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ഹരിതകേരള മിഷന്‍, കുടുംബശ്രീ, നാഷണല്‍ സര്‍വീസ് സ്കീം, നെഹ്റു യുവ കേന്ദ്ര, യുവജന ക്ലബ്ബുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംസ്ഥാന തലത്തില്‍ പരിപാടി സംഘടിപ്പിച്ചത്.