തിരുവനന്തപുരം : പോത്തന്‍കോട് കല്ലൂരില്‍ ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ (32) വെട്ടിക്കൊന്ന കേസില്‍ ഒന്നാം പ്രതിയും മൂന്നാം പ്രതിയും പിടിയില്‍. സുധീഷ് ഉണ്ണിയും മുട്ടായി ശ്യാമുമാണ് പിടിയിലായത്. രണ്ടാം പ്രതി ഒട്ടകം രാജേഷ് ഇപ്പോഴും ഒളിവിലാണ്. സംഭവത്തില്‍ അഞ്ചുപേരെ കൂടി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുടവൂര്‍ കട്ടിയാട് കല്ലുവെട്ടാന്‍കുഴിവീട്ടില്‍ ഡമ്മി എന്ന അരുണ്‍ ( 23 ), വെഞ്ഞാറമ്മൂട് ചെമ്പൂര്‍ കുളക്കോട് പുത്തന്‍വീട്ടില്‍ സച്ചിന്‍ ( 24 ), കോരാണി വൈഎംഎ ജംക്ഷന്‍ വിഷ്ണുഭവനില്‍ സൂരജ് എന്ന വിഷ്ണു( 23 ), തോന്നയ്ക്കല്‍ കുഴിത്തോപ്പില്‍ വീട്ടില്‍ കട്ട ഉണ്ണി എന്ന ജിഷ്ണു, പിരപ്പന്‍കോട് തൈക്കാട് മുളംകുന്നില്‍ ലക്ഷംവീട്ടില്‍ നന്ദു എന്ന ശ്രീനാഥ് ( 21 ) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
കഴിഞ്ഞ 11ന് വീട്ടിനുള്ളിലാണ് ഗുണ്ടകളുടെ വെട്ടേറ്റ് സുധീഷ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം സുധീഷിന്റെ കാല്‍പാദം വെട്ടിയെടുത്ത് പ്രതികള്‍ ആഹ്ലാദ പ്രകടനത്തോടെ നടുറോഡില്‍ വലിച്ചെറിയുകയായിരുന്നു. നേരത്തെ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്തിന്റെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളും കണ്ടെടുത്തു.
ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധിയില്‍ മങ്കാട്ടുമൂലയില്‍ രണ്ടു യുവാക്കളെ മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയും വീട്ടമ്മയ്ക്കു നേരെ നാടന്‍ പടക്കം എറിയുകയും ചെയ്ത സംഭവത്തില്‍ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷ്. കേസിലെ പ്രതി ഒട്ടകം രാജേഷിന്റെ അനുജനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലും സുധീഷിനും സഹോദരനും പങ്കുണ്ടായിരുന്നതായും പോലീസ് പറയുന്നു. ഇതും പകയ്ക്കു കാരണമായി.