പത്തനംതിട്ട : ശബരിമലയിൽ തിരക്കേറിയതോടെ പ്രസാദ വിൽപ്പനയും വര്‍ധിക്കുന്നതിനിടെ ശർക്കര എത്തിക്കാനായി കരാർ എടുത്തിരുന്ന കമ്പനി പിന്മാറി. ഇതോടെ പുതിയ കരാർ നൽകാനായി കമ്പനികളുടെ താല്പര്യപത്രം ക്ഷണിച്ചു. 20 ലക്ഷം കിലോ ശർക്കര ഈ സീസണിൽ ശബരിമലയിലേക്ക് നൽകാമെന്ന കരാർ ഏറ്റെടുത്തിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ് അവിടെ വില വർധിച്ചെന്ന കാരണം പറഞ്ഞ് പിന്മാറിയത്. നിലവിൽ പത്ത് ലക്ഷത്തോളം കിലോ ശർക്കര സ്റ്റോക്ക് ഉണ്ടെങ്കിലും ഉടനെ അടുത്തഘട്ടം സന്നിധാനത്തേക്ക് വരേണ്ടതുണ്ട്. മണ്ഡലകാലം ആരംഭിച്ചതോടെ പമ്പയിൽനിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി തിരക്കേറിയിട്ടുണ്ട്. ട്രാക്ടറുകളുടെ റോഡും ഇത് തന്നെയാണ്. തിരക്ക് മൂലം ഇവ കൂടുതലായി ഓടിക്കാൻ കഴിയില്ല. അതിനാലാണ് മണ്ഡലസീസണിന് മുൻപ് അവശ്യ സാധനങ്ങൾ സന്നിധാനത്ത് ശേഖരിക്കുന്നത്. എന്നാൽ കരാർ കമ്പനി പിന്മാറിയതോടെ ഇതിനു കഴിയാതെ വന്നിരിക്കുകയാണ്. പുതുതായി 20 ലക്ഷം കിലോഗ്രാം ശർക്കരയ്ക്ക് ദേവസ്വം ബോർഡ് വീണ്ടും ടെൻഡർ ക്ഷണിച്ചു. അരവണ, അപ്പം എന്നിവ ഉണ്ടാക്കുന്നതിനാണ് പ്രധാനമായും ശർക്കര ആവശ്യമായി വരുന്നത്.
40 ലക്ഷം കിലോ ശർക്കരയാണ് ഇത്തവണ വേണ്ടി വരുകയെന്നാണ് കണക്കാക്കുന്നത്. സീസൺ ആരംഭിക്കുന്നതിനു വളരെ മുൻപ് തന്നെ ദേവസ്വം ബോർഡ് ടെൻഡർ നടപടികൾ ആരംഭിക്കുകയും ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ശർക്കര വില കുറവായിരുന്ന സമയത്തായിരുന്നു ഇത്. ദേവസ്വം ബോർഡ് ടെൻഡർ നടപടികൾ പൂർത്തിയാക്കി വന്നപ്പോഴേക്കും ഉത്തരേന്ത്യയിൽ ശർക്കര വില കൂടി. ഇതോടെ ദേവസ്വം ബോർഡ് കരാർ ഉറപ്പിച്ച കമ്പനി പിന്മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പുതിയ ടെന്‍ണ്ടര്‍ ക്ഷണിച്ചു. പുതിയ ടെൻഡർ 29 വരെ ബോർഡിൽ സമർപ്പിക്കാൻ കഴിയും. തുടർന്ന് 30ന് ടെൻഡർ തുറക്കും.