തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കണ്‍സിലറും കാപ്പ കേസ് പ്രതിയുമായ ആര്‍. സുഗതന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ പ്രതികരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ്. ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല. കൗൺസിൽ യോഗം തുടങ്ങുന്നതിന് മുൻപാണ് അറ്റൻഡൻസ് രജിസ്റ്റർ കൊണ്ടുവരുന്നത്. കഴിയുന്നതിനു മുൻപ് അത് കൊണ്ടുപോകുകയും ചെയ്യും. ഒപ്പിട്ടതിനു പിന്നാലെ ഹാജർ പുസ്തകം ക്ലോസ് ചെയ്യുകയും ചെയ്യും. സുഗതൻ പങ്കെടുത്ത കൗൺസിലിൽ അദ്ദേഹം ഒപ്പിട്ടിട്ടുണ്ടെന്നും ആശാനാഥ് പറഞ്ഞു.
കൗൺസിൽ ഹാളിലെ സിസിടിവി പ്രവർത്തന സജ്ജമാണോ എന്നറിയില്ല. സിസിടിവി ദൃശ്യങ്ങളുടെ കസ്റ്റോഡിയൻ മേയറും സെക്രട്ടറിയുമാണ്. പൊലീസുമായി എല്ലാ തരത്തിലും സഹകരിക്കുമെന്നും കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ വ്യക്തമാക്കി.




























