തിരുവനന്തപുരം : ആര്യനാട് പോലീസ് സ്റ്റേഷനില്‍ ആത്മഹത്യാശ്രമം.
മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ പാലോട് സ്വദേശി ബിജുവാണ് സ്വയം തീകൊളുത്തിയത്. ഏറെ പരിശ്രമത്തിനൊടുവിലാണ് പോലീസുകാര്‍ തീ കെടുത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
25ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പുത്തൂര്‍ സ്റ്റേഷനില്‍ പരാതിക്കാരന്‍ പരാതി നല്‍കിയിരുന്നു. ബിജുവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ കുടുംബവീട്ടില്‍ ഉണ്ടെന്ന് പോലീസുകാര്‍ അറിയിച്ചു. ഇന്ന് രാവിലെ പുത്തൂര്‍ സ്റ്റേഷനിലും ആത്മഹത്യാശ്രമം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെയാണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ബിജു ആര്യനാട് സ്റ്റേഷനിലെത്തിയത്. പരാതിയില്‍ പോലീസ് എടുത്ത നടപടികള്‍ വിശദീകരിച്ചെങ്കിലും പരാതിക്കാരന്‍ സ്റ്റേഷനില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു.